തിരുവനന്തപുരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 28 ദിവസത്തിനകം കപ്പൽ എത്തും. മൂന്ന് ക്രെയിനുമായി ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പുറപ്പെട്ടത്. ഗുജറാത്തുവഴി 30നു വിഴിഞ്ഞം തീരത്ത് എത്തും. ഷിപ്പ് ടു ഷോർ ക്രെയിനും രണ്ട് യാർഡ് ക്രെയിനുമാണ് എത്തിക്കുക. കപ്പലിൽനിന്ന് കരയിലേക്ക് ചരക്ക് നീക്കുന്നതിനാണ് ഷിപ്പ് ടു ഷോർ ക്രെയിൻ. യാർഡിൽനിന്ന് ഗുഡ്സ് ട്രെയിനിലേക്കും ലോറികളിലേക്കും മറ്റും ചരക്ക് നീക്കുന്നതിനുള്ളതാണ് യാർഡ് ക്രെയിനുകൾ. ഈ കപ്പൽ തീരമണഞ്ഞാൽ കൂടുതൽ ക്രെയിനുകളുമായി ആറു കപ്പൽകൂടി എത്തിച്ചേരും. ഏഴ് വലിയ ക്രെയിനും 25 ചെറു ക്രെയിനുമാണ് ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന് കൊണ്ടുവരുന്നത്.
ആശങ്കകളും പ്രതിസന്ധികളും തരണംചെയ്ത് മദർ കപ്പൽ എത്തിക്കാൻ കഴിയുന്നത് വിഴിഞ്ഞത്തിന് നേട്ടമാകും. ഒക്ടോബർ അവസാനം ആഗോള ഷിപ്പിങ് കോൺക്ലേവിനും തിരുവനന്തപുരം വേദിയാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തങ്ങളുടെ പ്രധാന ഓപ്പറേഷൻ ഹബ്ബായി മാറ്റാൻ താൽപ്പര്യമറിയിച്ച് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) സമീപിച്ചിരുന്നതായി അദാനി പോർട്സ് സിഇഒ കരൺ അദാനി വെളിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ കമ്പനികൾ വിഴിഞ്ഞത്തെ നോട്ടമിട്ടതിന്റെ തെളിവാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധരും പറയുന്നു. 2024 പകുതിയോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകും.
2–-ാംഘട്ട നിർമാണത്തിന് അനുമതി തേടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണത്തിന്റെ എൺപത് ശതമാനം പൂർത്തീകരിച്ച സാഹപര്യത്തിൽ രണ്ടും മൂന്നും ഘട്ടം ആരംഭിക്കുന്നതിന് അനുമതി തേടി അദാനി പോർട്ട് അധികൃതർ സംസ്ഥാന തുറമുഖ വകുപ്പിനെ സമീപിച്ചു. ഇതിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കുന്നതിനായി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിക്ക് മുമ്പാകെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ഡയറക്ടർ അദീല അബ്ദുള്ള അവതരിപ്പിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട നിർമാണപ്രവർത്തനത്തിനുള്ള തുക മുടക്കുന്നത് അദാനിയാണ്.