ബംഗളൂരു > ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ശനിയാഴ്ച വിക്ഷേപിക്കും. പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് റോക്കറ്റിൻറെ കൗൺഡൗൺ ആരംഭിച്ചത്. നാളെ പകൽ 11.50ന് സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്നാണ് വിക്ഷേപണം. എക്സൽ ശ്രേണിയിലുള്ള പിഎസ്എൽവി സി 57 റോക്കറ്റിലാണ് പേടകം കുതിക്കുക.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലാഗ്രാഞ്ച് പോയിന്റിൽനിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലാഗ്രാഞ്ച് പോയിന്റ്. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ആധുനികമായ ഏഴ് പരീക്ഷണ ഉപകരണമാണ് ആദിത്യയിലുള്ളത്. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച് പേടകം ഭൂമിയിലേക്ക് അയക്കും.
സൂര്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കുകയാണ് ലക്ഷ്യം. സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെയും നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.