കോട്ടയം
പുതിയ പുതുപ്പള്ളിയിലേക്കുള്ള തേരോട്ടത്തിന്റെ ആദ്യപടി പൂർത്തിയായി; ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക നൽകി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എന്നിവർ മുൻകൂട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. എം വി ഗോവിന്ദൻ കോട്ടയം ആർഡിഒ ഓഫീസ് വരെ സ്ഥാനാർഥിയെ അനുഗമിച്ചു.
ബുധൻ രാവിലെതന്നെ മാധ്യമപ്രവർത്തകരും എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. കേന്ദ്ര സെക്രട്ടറിയറ്റംഗംകൂടിയായ ജെയ്ക്കിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഡിവൈഎഫ്ഐ ആണ്.
മന്ത്രി വി എൻ വാസവൻ, എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കെ ആർ രാജൻ, അഡ്വ. കെ സുരേഷ്കുറുപ്പ്, കെ എം രാധാകൃഷ്ണൻ, ടി ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയ, സി കെ ശശിധരൻ, രാജീവ് നെല്ലിക്കുന്നേൽ, സണ്ണി തോമസ്, ടി വി ബേബി, അഡ്വ. ഫ്രാൻസിസ് തോമസ്, സജി നൈനാൻ എന്നിവരും എത്തിയിരുന്നു.
നേതാക്കൾ ജെയ്ക്കിനെ ഷാളണിയിച്ചു.
വിജയമുദ്രാവാക്യങ്ങളോടെ കാൽനടയായാണ് മിനി സിവിൽ സ്റ്റേഷനിൽ എൽഡിഎഫ് സ്ഥാനാർഥിയും പ്രവർത്തകരും എത്തിയത്. പത്രിക നൽകിയശേഷം മണ്ഡലത്തിലെ പര്യടനത്തിനായി സ്ഥാനാർഥി പുറപ്പെട്ടു.