കൊച്ചി
ബ്രഹ്മപുരത്ത് 12 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്കരിക്കുന്നതിന് പുതിയ കമ്പനിയെ ചുമതലപ്പെടുത്താൻ ചേർന്ന അടിയന്തര കൗൺസിൽ പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പുമൂലം തീരുമാനമെടുക്കാതെ പിരിഞ്ഞു. അഖിലേന്ത്യാതലത്തിൽ ടെൻഡർ വിളിച്ച് നടപടികൾ പൂർത്തിയാക്കി കൗൺസിലിന്റെ പരിഗണനയ്ക്കുവന്ന വിഷയത്തിലാണ് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചത്. മേയർ എം അനിൽകുമാറും സെക്രട്ടറി എം ബാബു അബ്ദുൾ ഖദീറും കരാർ വിശദീകരിച്ചിട്ടും പ്രതിപക്ഷം വിയോജിപ്പുമായിനിന്നു. ഇതോടെ ബ്രഹ്മപുരത്ത് ശേഷിക്കുന്ന മാലിന്യത്തിന്റെ സംസ്കരണം നീളുമെന്ന് ഉറപ്പായി.
കെട്ടിക്കിടക്കുന്ന അഞ്ചുലക്ഷം ടണ്ണോളം മാലിന്യത്തിന്റെ ബയോമൈനിങ്ങിന് പുതിയ കമ്പനിക്ക് കരാർ നൽകൽ, പുതിയ വിൻട്രോ പ്ലാന്റ് സ്ഥാപിക്കൽ തുടങ്ങിയവയിൽ തീരുമാനമെടുക്കാനാണ് കൗൺസിൽ ചേർന്നത്. ബയോമൈനിങ്ങിന് എട്ട് ഏജൻസികൾ രംഗത്തുവന്നെങ്കിലും രണ്ടെണ്ണമാണ് യോഗ്യത നേടിയത്. ഭൂമി ഗ്രീൻ എനർജിയുടേതാണ് കുറഞ്ഞ നിരക്ക്. ടണ്ണിന് 1699 രൂപയാണ് അവർ ക്വോട്ട് ചെയ്തത്. സിഗ്മ ഗ്ലോബൽ എൻവയോൺ സൊലൂഷൻസ് ടണ്ണിന് 4640 രൂപയും ക്വോട്ട് ചെയ്തു. മറ്റിടങ്ങളെ അപേക്ഷിച്ച് ഈ കമ്പനികൾ ഉയർന്ന തുക ക്വോട്ട് ചെയ്തെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളിലൊന്ന്. കമ്പനികളുടെ പ്രവർത്തനശേഷിയിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷം കരാർരേഖകളിൽ അവ്യക്തതയുണ്ടെന്നും ആരോപിച്ചു.
ഉയർന്ന തുക ക്വോട്ട് ചെയ്തതിന്റെ കാരണങ്ങൾ കോർപറേഷൻ സെക്രട്ടറി വിശദീകരിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കേണ്ടതിനാലും അവശിഷ്ട ആർഡിഎഫ് സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടതിന്റെ കടത്തുകൂലി ഭീമമാകുമെന്നതിനാലുമാണ് തുക ഉയർന്നത്. ബയോമൈനിങ് ചെയ്യുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കിയാണ് കമ്പനിക്ക് പണം നൽകുക. പ്രവർത്തനമികവും ബയോമൈനിങ്ങിൽ പരിചയസമ്പത്തുമുള്ള കമ്പനികൾമാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. അതിൽനിന്നാണ് മികച്ച രണ്ട് കമ്പനികളെ കണ്ടെത്തിയതെന്നും സെക്രട്ടറി വിശദീകരിച്ചു.
പ്രതിപക്ഷം കടുത്ത വിയോജിപ്പ് തുടരുന്നതിനാൽ ഇപ്പോൾ തീരുമാനമെടുക്കുന്നില്ലെന്ന് മേയർ പറഞ്ഞു. കമ്പനികളുടെ പ്രവർത്തനം നേരിൽക്കണ്ട് പരിശോധിക്കാൻ വിദഗ്ധരും കൗൺസിലർമാരും ഉൾപ്പെട്ട സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാമെന്നും നിരക്ക് കുറയ്ക്കുന്നതിൽ കമ്പനിയുമായി ചർച്ച ചെയ്യാമെന്നും മേയർ പറഞ്ഞു.
വിൻട്രോ പ്ലാന്റ് പരീക്ഷണ
അടിസ്ഥാനത്തിൽ
പട്ടാളപ്പുഴുവിനെ (ബ്ലാക്ക് സോൾജിയർ ഫ്ലൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണത്തിനുള്ള വിൻട്രോ പ്ലാന്റ് സ്ഥാപിക്കാൻ സിഗ്മ എൻവയോൺ സൊലൂഷൻസ്, ഫാബ്കോ ഫുഡ്വേസ്റ്റ് മാനേജ്മെന്റ് എന്നീ കമ്പനികളെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
തുടക്കത്തിൽ 10 ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ച് അവയുടെ പ്രവർത്തനം പരിശോധിച്ചശേഷം ശേഷി കൂട്ടും. മൂന്നുമാസത്തേക്കാണ് പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക. തൃപ്തികരമല്ലെങ്കിൽ കരാറിൽനിന്ന് പിന്മാറാം. പദ്ധതിക്കായി സ്ഥലവും ടിപ്പിങ് തുകയുംമാത്രമാണ് നഗരസഭ നൽകേണ്ടത്. കമ്പനികൾ സ്വന്തം ചെലവിൽ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തിപ്പിക്കും. 10 കോടിയോളമാണ് പ്ലാന്റ് സ്ഥാപിക്കാൻ ചെലവ്. എട്ടേക്കർ സ്ഥലം ബ്രഹ്മപുരത്ത് കോർപറേഷൻ അനുവദിക്കും.
വീടുകളിൽനിന്നുള്ള ബയോ മെഡിക്കൽ–-സാനിറ്ററി മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ രണ്ട് പുതിയ ഏജൻസികളെക്കൂടി ചുമതലപ്പെടുത്താനും തീരുമാനിച്ചു. സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ സംസ്കരിക്കാൻ മൂന്ന് ടണ്ണിന്റെ ഇൻസിനറേറ്ററും സ്ഥാപിക്കും.