ന്യൂഡൽഹി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ തട്ടിപ്പിന്റെ സാധ്യത ചൂണ്ടിക്കാട്ടി ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ച അധ്യാപകനെ ഒറ്റപ്പെടുത്തിയതിനെത്തുടർന്ന് ഹരിയാന അശോക സർവകലാശാലയിൽ അധ്യാപകരുടെ കൂട്ടപ്രതിഷേധം.
പ്രബന്ധത്തിന്റെ പേരിൽ പ്രതികാരനടപടി നേരിട്ട അസി. പ്രൊഫസർ സബ്യസാചി ദാസിന് പിന്തുണ അറിയിച്ച് ഇക്കണോമിക്സ് വകുപ്പിലെ പുലാപ്രെ ബാലകൃഷ്ണൻ ബുധനാഴ്ച രാജി സമർപ്പിച്ചു. സബ്യസാചി ദാസിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കണോമിക്സ് വകുപ്പ് അധ്യാപകർ സർവകലാശാലയുടെ ഭരണസമിതിക്ക് തുറന്ന കത്തയച്ചു. ഇംഗ്ലീഷ് ആൻഡ് ക്രിയേറ്റീവ് റൈറ്റിങ് വകുപ്പും സബ്യസാചി ദാസിന് പിന്തുണയുമായി എത്തി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ജനാധിപത്യത്തിന്റെ തിരിച്ചിറക്കം എന്ന തലക്കെട്ടോടെയുള്ള ഗവേഷണപ്രബന്ധത്തിലാണ് 2019ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആധികാരികതയെ സബ്യസാചി ദാസ് ചോദ്യംചെയ്യുന്നത്. കടുത്ത മത്സരമുണ്ടായ മണ്ഡലങ്ങളിൽ ക്രമാതീതമായ വിജയം ബിജെപി നേടിയെന്നാണ് സബ്യസാചിയുടെ കണ്ടെത്തൽ.