ന്യൂഡൽഹി
മണിപ്പുരിൽ 25 വർഷത്തെ ഇടവേളയ്ക്കുശേഷം മൂന്നു ഹിന്ദി ചിത്രം പ്രദർശിപ്പിച്ചു. ചുരാചന്ദ്പ്പുരിൽ കുക്കി വിദ്യാർഥി സംഘടന മാർ സ്റ്റുഡന്റ്സ് അസോസിയേഷനാണ് പ്രദർശനം സംഘടിപ്പിച്ചത്. 1998ൽ ‘കുച്കുച് ഹോതാ ഹെ’ ആണ് മണിപ്പുരിൽ അവസാനമായി പ്രദർശിപ്പിക്കപ്പെട്ട ഹിന്ദി ചിത്രം. പിന്നീട് വിഘടനവാദി സംഘടനകളുടെ വിലക്ക് കാരണം പ്രദർശനമുണ്ടായില്ല. ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര അഭിനയിച്ച ‘മേരികോം’ എന്ന ചിത്രംപോലും മണിപ്പുരിൽ പ്രദർശിപ്പിച്ചില്ല. ‘കുച്കുച് ഹോതാ ഹെ’, ‘ഷോലെ’, ‘ഉറി: ദി സർജിക്കൽ സ്ട്രൈക്ക്’ എന്നീ ചിത്രങ്ങളാണ് ചുരാചന്ദ്പ്പുരിൽ പ്രദർശിപ്പിച്ചത്.
ആയുധങ്ങൾ
പിടിച്ചെടുത്തു
ബിഷ്ണുപ്പുർ, കാങ്പോക്പി ജില്ലകളിൽനിന്നായി 11 തോക്കും 78 തിരയും തിരച്ചിലിൽ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ ആയുധങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ബിഷ്ണുപ്പുരിലെയും ചുരാചന്ദ്പ്പുരിലെയും സംഘർഷമേഖലകളിലായി 124 ചെക്ക്പോയിന്റുകൂടി സ്ഥാപിച്ചു. ആഗസ്ത് 14ന് വിവിധ സംഘർഷപ്രദേശങ്ങളിൽനിന്നായി അഞ്ച് ബോംബ് നിർവീര്യമാക്കിയെന്നും പൊലീസ് അറിയിച്ചു.