ന്യൂഡൽഹി
മണിപ്പുരിൽനിന്ന് കേന്ദ്രസേനയായ അസം റൈഫിൾസിനെ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് കുക്കിവിഭാഗക്കാരായ 10 എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 40 മെയ്ത്തീ എംഎൽഎമാർ ബുധനാഴ്ച പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് അസം റൈഫിൾസിന് പിന്തുണയേകി കുക്കി എംഎൽഎമാർ രംഗത്തെത്തിയത്.
അസം റൈഫിൾസ് കുക്കി തീവ്രവാദികളെ സഹായിക്കുന്നെന്ന വിമർശനമാണ് മെയ്ത്തീ വിഭാഗം ഉയർത്തുന്നത്. പാടത്ത് കൃഷിക്കിറങ്ങിയ നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇതെല്ലാം ആധുനിക ആയുധങ്ങൾ ഉപയോഗിച്ചാണെന്നും മെയ്ത്തീ എംഎൽഎമാർ പ്രധാനമന്ത്രിക്കുള്ള നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അസം റൈഫിൾസിൽ വിശ്വാസമില്ല. അവരെ പിൻവലിച്ച് വിശ്വാസ്യതയുള്ള മറ്റേതെങ്കിലും കേന്ദ്രസേനയെ വിന്യസിക്കണം–- മെയ്ത്തീ എംഎൽഎമാർ ആവശ്യപ്പെട്ടു.
ഒരു കാരണവശാലും അസം റൈഫിൾസിനെ പിൻവലിക്കരുതെന്നാണ് കുക്കി എംഎൽഎമാരുടെ ആവശ്യം. മണിപ്പുരിൽ സമാധാനം ഉറപ്പാക്കാൻ അസം റൈഫിൾസ് യത്നിക്കുന്നുണ്ട്. മെയ്ത്തീകളുടെ വിമർശനങ്ങൾ അനാവശ്യമാണ്. സംസ്ഥാന പൊലീസിനെ കൂടുതൽ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കേന്ദ്രസേന സുരക്ഷ ഉറപ്പാക്കുന്ന നിഷ്പക്ഷ മേഖലയിൽ പൊലീസിന് പ്രവേശനം അനുവദിക്കരുത്–- കുക്കിവിഭാഗം എംഎൽഎമാർ നിവേദനത്തിൽ പറഞ്ഞു.