ന്യൂഡൽഹി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കാനുള്ള സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസും അംഗമായിരിക്കണമെന്ന ഭരണഘടനാബെഞ്ച് വിധി മറികടക്കാൻ മോദി സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ ഉടൻ പിൻവലിക്കണമെന്ന് അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ. കേന്ദ്ര സർക്കാർ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ സർക്കാരിന് ഉണ്ടായിരുന്ന അധികാരങ്ങൾ തിരിച്ചുപിടിക്കുന്ന രീതിയിലുള്ള ബില്ലാണിത്. നിയമസംവിധാനത്തെ മുഴുവൻ ചോദ്യംചെയ്യുന്ന ബിൽ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു.