ഇസ്ലാമാബാദ്
പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ആരിഫ് ആൽവി ഉത്തരവിറക്കി. പ്രധാനമന്ത്രി ഷഹബാസ് ഷെറീഫിന്റെ ശുപാർശപ്രകാരം ബുധൻ രാത്രി വൈകിയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. പാർലമെന്റിന്റെ കാലാവധി തീരാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് പ്രഖ്യാപനം. കാവൽപ്രധാനമന്ത്രിയാരെന്നതിൽ തീരുമാനമാകുംവരെ ഷെഹബാസ് സ്ഥാനത്ത് തുടരും.
മൂന്നുദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവ് രാജ റിയാസും ചേർന്ന് കാവൽ പ്രധാനമന്ത്രിയെ നിർദേശിക്കണം. സാധിക്കാതെ വന്നാൽ, സ്പീക്കർ നിയോഗിക്കുന്ന സമിതിക്ക് തീരുമാനം വിടും. അവിടെയും മൂന്നുദിവസത്തിൽ തീരുമാനമായില്ലെങ്കിൽ നാമനിർദേശങ്ങൾ തെരഞ്ഞെടുപ്പുകമീഷന് കൈമാറും. കമീഷൻ രണ്ടുദിവസത്തിനുള്ളിൽ ആളെ തീരുമാനിക്കണം.
കാലാവധി പൂർത്തിയാക്കാതെ പാർലമെന്റ് പിരിച്ചുവിട്ടതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ 90 ദിവസം ലഭിക്കും. കാലാവധി പൂർത്തിയായിരുന്നെങ്കിൽ 60 ദിവസത്തിൽ തെരഞ്ഞെടുപ്പ് എന്നാണ് ചട്ടം.