തിരുവനന്തപുരം
രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും പുതുപ്പള്ളിയിലേക്ക് തിരിഞ്ഞതോടെ രാഷ്ട്രീയ– -വികസന വിഷയങ്ങളും ഉയരുന്നു. കേരള ജനതയുടെ ഹൃദയംതൊട്ട എൽഡിഎഫ് സർക്കാരിന്റെ ക്ഷേമ–- വികസന നേട്ടങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും കറതീർന്ന നിലപാടുകളും ഒഴിവാക്കി പുതുപ്പള്ളിയിൽ ചർച്ചപോലും സാധ്യമാകില്ല. വികസനപദ്ധതികളെ കണ്ണടച്ച് എതിർക്കുന്ന യുഡിഎഫ് സമീപനവും അതിന് കേന്ദ്ര സർക്കാരിന്റെ ഒത്താശ വാങ്ങുന്നതും നിർണായക വിഷയങ്ങളിലെ നിലപാടില്ലായ്മയും മുന്നിലുണ്ട്.
യുഡിഎഫ് ജനപ്രതിനിധിയുടെ നിര്യാണത്തെതുടർന്ന് മുമ്പ് നടന്ന പല ഉപതെരഞ്ഞെടുപ്പകളിലും കോൺഗ്രസിന്റെ പ്രചാരണായുധം സഹതാപംതന്നെയായിരുന്നു. അത്തരം തരംഗങ്ങളിലും അവർ മലർന്നടിച്ചുവീണ ചരിത്രവുമുണ്ട്. പുതുപ്പള്ളിയിലും മറിച്ചൊരായുധം കോൺഗ്രസിനില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥിയായെന്ന് പറയാനുമാകില്ല. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്കു പിന്നാലെ തർക്കസാധ്യത ചർച്ചയായപ്പോൾ ‘ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്നായിരിക്കും സ്ഥാനാർഥി, രണ്ടു പെൺമക്കളും മത്സരിക്കുന്നില്ല ’ എന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, പുതുപ്പള്ളി എൽഡിഎഫിന് പ്രതീക്ഷപകരുന്നുണ്ട്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ ബഹുഭൂരിപക്ഷവും എൽഡിഎഫിനൊപ്പമാണ്. ഉമ്മൻചാണ്ടിക്ക് വോട്ട് ചെയ്തിരുന്ന പതിനായിരങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹം ജീവിച്ചിരിക്കെതന്നെ എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം നിന്നിരുന്നു. 2021ൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. അന്ന് എൽഡിഎഫിന് വോട്ട് ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ജനങ്ങൾക്ക് ഇന്ന് തെല്ലും ശങ്കിക്കേണ്ടതില്ല. പുതുപ്പള്ളിയുടെ വികസനത്തിലും എൽഡിഎഫ് സർക്കാരിനെ വിമർശിക്കാൻ യുഡിഎഫിനാകില്ല. വികസന മുരടിപ്പ് ഇല്ലെന്നും വലുതും ചെറുതുമായ പദ്ധതികൾ നടപ്പായി എന്നുമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ചാണ്ടി ഉമ്മൻ പറഞ്ഞത്. ജനപ്രതിനിധിയുടെ രാഷ്ട്രീയംനോക്കി പദ്ധതിയും പണവും അനുവദിക്കുന്ന സംസ്കാരമാണ് എൽഡിഎഫ് സർക്കാരിനെന്ന് യുഡിഎഫ് എംഎൽഎമാരും പറയില്ല.
സിപിഐ എം സജ്ജം :
എം വി ഗോവിന്ദൻ
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് സിപിഐ എം സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലെ വേവലാതിയും അങ്കലാപ്പും സിപിഐ എമ്മിന് ഇല്ല. സംഘടനാ സംവിധാനം താഴെതട്ടുവരെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കും. സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുക. രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. വികസനത്തിന് തുരങ്കംവയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം തുറന്നുകാട്ടുന്ന ഏറ്റവും ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും പുതുപ്പള്ളിയിൽ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.