ന്യൂഡൽഹി
ഹരിയാനയിൽ കലാപം അടിച്ചമർത്താനെന്ന പേരിൽ ‘ബുൾഡോസർ രാജ്’ തുടരുന്നു. കലാപമേഖലയായ നൂഹിൽ ഷഹീദ് ഹസൻ ഖാൻ മേവാത്ത് മെഡിക്കൽ കോളേജിന് മുന്നിൽ മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങൾ ജില്ലാ അധികൃതർ ശനിയാഴ്ച പൊളിച്ചു. വർഷങ്ങളായി പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങൾ അനധികൃതമെന്ന് ആരോപിച്ചാണ് പൊളിച്ചുമാറ്റിയത്. മൂന്നു ദിവസമായി നൂഹിൽ വിവിധ ഭാഗങ്ങളിലായി 50–- 60 കെട്ടിടങ്ങൾ പൊളിച്ചു. നൂഹിൽനിന്ന് 20 കിലോമീറ്റർ അകലെ തൗരുവിൽ കഴിഞ്ഞദിവസം റോഹിൻഗ്യൻ അഭയാർഥികളുടെ 250 കുടിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
പാവപ്പെട്ടവരുടെ വീടുകൾ മാത്രമാണ് പൊളിക്കുന്നതെന്ന് നൂഹ് എംഎൽഎയും കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവുമായ അഫ്താബ് അഹമദ് പറഞ്ഞു. സാധാരണക്കാർക്ക് അവരുടെ സുരക്ഷയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു മാസം മുമ്പുള്ള തീയതിയിലെ നോട്ടീസ് നൽകിയാണ് ഇപ്പോൾ വീടുകളും കടകളും പൊളിക്കുന്നത്. ഭരണപരാജയം മറച്ചുവയ്ക്കാൻ സർക്കാർ തെറ്റായി നീങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ നിർദേശപ്രകാരമാണ് പൊളിക്കൽ നടപടികളെന്ന് നൂഹ് ജില്ലാ മജിസ്ട്രേട്ട് അശ്വനി കുമാർ പറഞ്ഞു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിവച്ച് ബിജെപി ഭരണസംസ്ഥാനങ്ങളിൽ വ്യാപകമായി നടപ്പാക്കുന്ന പരീക്ഷണമാണ് ബുൾഡോസർ രാഷ്ട്രീയം.
കലാപവുമായി ബന്ധപ്പെട്ട് 102 കേസ് ഇതുവരെ എടുത്തു. 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കസ്റ്റഡിയിൽ എടുത്തതായും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ ബജ്റംഗദൾ നേതാവ് ബിട്ടു ബജ്രംഗി എന്ന രാജ്കുമാറിനെ പൊലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. വീട്ടുതടങ്കലിൽ തുടരുമെന്നാണ് വിശദീകരണം. ഏഴു വർഷത്തിൽ കുറഞ്ഞ ശിക്ഷ കിട്ടത്തക്ക കുറ്റകൃത്യമാണ് ബിട്ടു ചെയ്തതെന്നും അതിനാലാണ് ജാമ്യം നൽകിയതെന്നും പൊലീസ് പറയുന്നു.