തിരുവനന്തപുരം
കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ നേട്ടമുണ്ടാക്കാൻ കരുനീക്കങ്ങൾക്ക് തുടക്കമിട്ട് എ, ഐ ഗ്രൂപ്പുകൾ. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വിളിച്ച യോഗത്തിൽ നേതാക്കൾ ഉറപ്പുകൊടുത്തതുപ്രകാരം പുനഃസംഘടന സജീവമാക്കിയ സാഹചര്യത്തിലാണിത്. പത്തനംതിട്ടയിൽ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചുവെങ്കിലും മറ്റു ജില്ലകളിൽ
തർക്കം രൂക്ഷമാണ്.
പ്രത്യേക ലേഖകൻതിരുവനന്തപുരത്തെ 183ൽ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും നാലു പേരുടെ വീതം പട്ടികയെങ്കിലും തയ്യാറാക്കാനാണ് ശ്രമം. 76 മണ്ഡലത്തിൽ ഒറ്റ പേര് കൊടുക്കാനാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. മറ്റുപല ജില്ലകളിലും പകുതി മണ്ഡലങ്ങളുടെ കാര്യത്തിൽപ്പോലും ധാരണയായില്ല.
ബ്ലോക്ക് അധ്യക്ഷന്മാരുടെ അന്തിമ പട്ടിക വന്നപ്പോൾ കിട്ടിയ ‘പണി ’ മണ്ഡലം പ്രസിഡന്റുമാരുടെ കാര്യത്തിൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ ജില്ലയിലും വേണമെന്ന നിർദേശമാണ് ഗ്രൂപ്പുകൾ നൽകിയിട്ടുള്ളത്. തങ്ങളെ തഴഞ്ഞു മുന്നോട്ട് പോകാൻ സതീശനും സുധാകരനും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ.
ചുമതലയേറ്റെടുത്ത സമയത്തുള്ള വീറും വാശിയുമൊന്നും പ്രതിപക്ഷ നേതാവിനോ കെപിസിസി അധ്യക്ഷനോ ഇപ്പോഴില്ല. താഴേത്തട്ടിൽ ഗ്രൂപ്പുകൾ നിസ്സഹകരിച്ചാൽ സംഘടന മുന്നോട്ട് പോകില്ല. ജനപ്രതിനിധികളുമായി ആലോചിക്കാതെ പുനഃസംഘടന നടത്താനാകില്ല. ഇക്കാര്യങ്ങൾ കെ സുധാകരൻ എഐസിസി നേതാക്കളുടെ മുന്നിൽ വച്ച് ഉറപ്പ് നൽകിയതാണെന്നും ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
ബ്ലോക്ക് അധ്യക്ഷരെ നിശ്ചയിച്ച ഘട്ടത്തിൽ വി ഡി സതീശന്റെയും കെ സുധാകരന്റെയും തന്ത്രങ്ങൾക്ക് മുന്നിൽ നിലംപരിശായ ദുരവസ്ഥ ആവർത്തിക്കാതിരിക്കാനാണ് യോജിച്ച നീക്കം. സംസ്ഥാനതലത്തിൽ സംഘടനാപരമായി ശേഷിപ്പുകളൊന്നുമില്ലാതെ നേതൃത്വത്തിലെത്തിയ സതീശനും സുധാകരനും ഭേദപ്പെട്ട നിലയിൽ ഗ്രൂപ്പുകളുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സ്ഥാനമോഹികളായ നേതാക്കളെ സമ്മർദത്തിലാക്കി കൂടെ നിർത്തിയാണിത്.