ന്യൂഡൽഹി
മണിപ്പുർ സംഘർഷം നിയന്ത്രിക്കാൻ എത്തിയ സൈനികരെ വിഡ്ഢികളെന്നും ഒന്നിനും കൊള്ളാത്തവരെന്നും നടുറോഡിൽ അധിക്ഷേപിച്ച് മെയ്ത്തീ സ്ത്രീകൾ. ‘മെയ്ര പെയ്ബി’ വനിതാ സംഘം ഇംഫാലിൽ സൈനികവ്യൂഹം തടഞ്ഞ് പരിശോധിച്ചു. സൈനികരോട് ജാതി തെളിയിക്കാൻ ആധാർ കാർഡും ആവശ്യപ്പെട്ടു. സൈനികർ പകർത്തിയ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
വാഹനത്തിൽ ഉണ്ടായിരുന്ന ഒരു സൈനികനിൽ ‘സംശയം’ തോന്നിയ വയോധിക എവിടെനിന്നാണ് വരുന്നതെന്ന് ആദ്യം ആരാഞ്ഞു.
ബബിത ഉറാൽ എന്ന് പേരുപറഞ്ഞ സൈനികൻ അസമിൽനിന്നാണ് വരുന്നതെന്ന് മറുപടിയും നൽകി. ഇതോടെ, സ്ത്രീകളിലൊരാൾ അസമിൽനിന്നുള്ള ആളാണ് ഇതെന്ന് സംഘത്തോട് മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
പിന്നാലെ ഏത് റെജിമെന്റാണെന്ന് വയോധിക ആരാഞ്ഞു. സിഎംപി (കോർ ഓഫ് മിലിറ്ററി പൊലീസ്) എന്ന് മറ്റ് സൈനികർ മറുപടി പറഞ്ഞതോടെയാണ് സ്ത്രീകൾ അധിക്ഷേപം ചൊരിഞ്ഞത്. മറുപടി പറഞ്ഞ സൈനികന്റെ ചിത്രം മൊബൈൽ ഫോണിൽ ബലമായി പകർത്തിയ അവർ ആധാർ കാർഡും വാങ്ങി പരിശോധിച്ചു. മണിപ്പുരി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ എത്തിയാണ് സ്ത്രീകളെ ശാന്തമാക്കിയത്. കേന്ദ്രസേനകൾക്കുപോലും മണിപ്പുരിൽ രക്ഷയില്ലെന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.