ന്യൂഡൽഹി
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാനേതാവ് അധീർരഞ്ജൻ ചൗധരി ലോക്സഭാ സെക്രട്ടറിയറ്റിന് കത്ത് നൽകി. അപകീർത്തി കേസിൽ രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയുടെ പകർപ്പും കൈമാറി. രാഹുലിനെ അയോഗ്യനാക്കുന്നതിലെ തിടുക്കം അംഗത്വം പുനഃസ്ഥാപിക്കുന്നതിൽ ലോക്സഭാ സെക്രട്ടറിയറ്റ് കാണിക്കുന്നില്ലെന്ന് ചൗധരി പറഞ്ഞു.
‘വെള്ളിയാഴ്ച ലോക്സഭാസ്പീക്കർ ഓംബിർളയെ കണ്ട് അംഗത്വം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കോടതി വിധി പഠിച്ചശേഷം നടപടിയെടുക്കാമെന്നായിരുന്നു മറുപടി. വെള്ളി രാത്രി കോടതി വിധി പുറത്തിറങ്ങിയശേഷം സ്പീക്കറെ ബന്ധപ്പെട്ടു.
ലോക്സഭാ സെക്രട്ടറി ജനറലിനെ കണ്ട് രേഖകൾ കൈമാറാൻ സ്പീക്കർ നിർദേശിച്ചു. സെക്രട്ടറി ജനറലിനെ ബന്ധപ്പെട്ടപ്പോൾ ഓഫീസ് അവധിയാണെന്ന് ആയിരുന്നു മറുപടി. കത്ത് കൊടുത്തുവിട്ടപ്പോൾ അണ്ടർസെക്രട്ടറി അത് സ്വീകരിച്ചു. അദ്ദേഹം അതിൽ ഒപ്പിട്ടെങ്കിലും സീൽ വച്ചിട്ടില്ല’–-ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.