ന്യൂഡൽഹി
മണിപ്പുരിൽ സംഘർഷമല്ല വർഗീയകലാപമാണ് നടക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുക, ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും ബൃന്ദ വ്യക്തമാക്കി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ് അധ്യക്ഷനായി.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ കേന്ദ്രം കർശന നടപടിയെടുക്കണം, കടൽശോഷണം തടയാൻ നടപടി സ്വീകരിക്കണം–- സമരക്കാർ ആവശ്യപ്പെട്ടു.