മാന-വികത കൊലചെയ്യപ്പെട്ടിരിക്കയാണ് മണിപ്പുരിൽ. ഭരണാധികാരികൾ ക്രൂരമായ നിസ്സംഗത തുടരുന്നു. കലാപം തടയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇരകളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിട്ടു. ഭക്ഷണമുറപ്പാക്കാൻപോലും സർക്കാർ പ്രതിനിധികൾ ദുരിതാശ്വാസക്യാമ്പുകളിൽ എത്തുന്നില്ല. ഏതു വംശീയ കലാപത്തിന്റെയും ആത്യന്തിക ഇരകൾ സ്ത്രീകളും കുട്ടികളുമാണെന്ന സത്യം ശരിവയ്ക്കുകയാണ് മണിപ്പുർ.
ഞങ്ങൾ കുക്കിമേഖലയിൽ കോളേജ് ഹോസ്റ്റലിലെ ക്യാമ്പിൽ കണ്ടത് പരിതാപകരമായ സ്ഥിതിയാണ്. തൊള്ളായിരത്തോളം പേരുണ്ട്. ഭൂരിപക്ഷവും സ്ത്രീകളും കുഞ്ഞുങ്ങളും. ഇവരുടെ വീടും സ്വത്തും നശിപ്പിക്കപ്പെട്ടു. ജീവിതം എങ്ങനെ മുന്നോട്ട് നീക്കുമെന്ന് അവർ ഞങ്ങളോട് ചോദിച്ചു. ചില സാമൂഹിക സംഘടനകളാണ് പരിമിതമായ തോതിൽ ഭക്ഷണം എത്തിക്കുന്നത്. ക്യാമ്പിനു മുന്നിൽ ഒരു കൂട്ടം മെഡിക്കൽ, പാരാ മെഡിക്കൽ വിദ്യാർഥികളെ കണ്ടു. അവർ കരയുകയാണ്. ഇംഫാലിൽ പഠിച്ചിരുന്നവരാണ്. അവിടെ ക്ലാസുകൾ പുനരാരംഭിച്ചു. അവർക്ക് അങ്ങോട്ട് പോകാനാകുന്നില്ല.
കൂട്ടബലാത്സംഗത്തിന് വിധേയരായ രണ്ടു സ്ത്രീകളെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മൂന്നു വനിതാ എംപിമാർ സന്ദർശിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് ക്രൂരകൃത്യങ്ങൾ നടന്നതെന്ന് ആ സ്ത്രീകൾ പറഞ്ഞു. ഇരകളിൽ ഒരാളുടെ ഭർത്താവ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ്. അദ്ദേഹത്തെ കണ്ടപ്പോൾ ഞങ്ങൾക്ക് ആശ്വാസവാക്കുകൾ പുറത്തുവന്നില്ല.
ഇംഫാലിൽ മെയ്ത്തീവിഭാഗം കഴിയുന്ന ക്യാമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. പൊലീസ് നിഷ്ക്രിയത്വം അവരും വിവരിച്ചു. ജില്ലാ അധികൃതർ അടുത്ത ദിവസങ്ങളിൽ കുറച്ച് സഹായം എത്തിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ് ഒരിക്കൽപ്പോലും ക്യാമ്പുകൾ സന്ദർശിച്ചിട്ടില്ല. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമായെന്ന് അഭയാർഥികൾ പറയുന്നു. വിദ്വേഷ പ്രചാരണത്തിന്റെ ഇരകളാണ് എല്ലാവരും. ബിഷ്ണുപുരിൽ സന്ധ്യയോടെ ഞങ്ങൾ എത്തിയപ്പോൾ റോഡിന്റെ ഇരുവശത്തും നൂറുകണക്കിനു സ്ത്രീകൾ കൂടിനിൽക്കുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് എവിടെയും.