സ്വച്ഛ് ഭാരത് മിഷനിലെ വീഴ്ചകൾ, സ്ത്രീകളിലെ
വിളർച്ച കൂടി തുടങ്ങിയ വസ്തുതകൾ
പുറത്തുവന്നിരുന്നു
ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അവകാശവാദങ്ങൾ പൊളിക്കുന്ന കണക്കുകൾ വസ്തുനിഷ്ഠമായി നൽകിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐഐപിഎസ്) ഡയറക്ടറും മലയാളിയുമായ കെ എസ് ജെയിംസിനെ തെറിപ്പിച്ച് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായ ഐഐപിഎസ് ആണ് ദേശീയ കുടുംബാരോഗ്യ സർവേയടക്കം നടത്തുന്നത്. സർവേ ഫലങ്ങൾ പ്രതികൂലമായതോടെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജെയിംസ് ഇത് തള്ളിയിരുന്നു. പിന്നാലെ സ്ഥാപനത്തിലെ റിക്രൂട്ട്മെന്റുകളിൽ വീഴ്ചയുണ്ടെന്ന കാരണമുണ്ടാക്കിയാണ് രണ്ടുവരിയുള്ള സസ്പെൻഷൻ ഉത്തരവ് നൽകിയത്.
മോദി സർക്കാർ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ നേട്ടമുണ്ടാക്കിയില്ലെന്ന് ഐഐപിഎസ് തെളിയിച്ചിരുന്നു. രാജ്യത്തെ പത്തൊമ്പത് ശതമാനം വീടുകളിൽപ്പോലും ശൗചാലങ്ങൾ ഇല്ലെന്നും സമ്പൂർണ വെളിയിട വിസർജ്യ രാഷ്ട്രം എന്ന നേട്ടത്തിന്റെ പരിസരത്തുപോലും രാജ്യം എത്തിയിട്ടില്ലെന്നും സർവേ കണ്ടെത്തി. ഉജ്വല യോജന പദ്ധതിയുടെ പൊള്ളത്തരവും പുറത്തെത്തിച്ചു. രാജ്യത്തെ 40 ശതമാനം കുടുംബങ്ങൾക്കും ശുദ്ധമായ പാചക ഇന്ധനം ലഭിക്കുന്നില്ലെന്നും ഗ്രാമങ്ങളിൽ 57 ശതമാനത്തിനും എൽപിജിയോ നാച്ചുറൽ ഗ്യാസോ ലഭ്യമല്ലെന്നും കണ്ടെത്തി. അനീമിയ (വിളർച്ച) കുത്തനെ കുറഞ്ഞെന്ന പ്രധാനമന്ത്രിയടക്കമുള്ളവരുടെ അവകാശവാദത്തെയും 2021ലെ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) ഖണ്ഡിച്ചു. 2015-–-16ൽ 53.1 ശതമാനം സ്ത്രീകൾക്കും കുട്ടികൾക്കും അനീമിയ ഉണ്ടായിരുന്നുവെങ്കിൽ 2019-–-20 വർഷത്തിൽ ഇത് 57 ശതമാനമായി ഉയർന്നു. തുടർന്ന് അടുത്ത സർവേയ്ക്കുള്ള ചോദ്യാവലിയിൽനിന്ന് വിളർച്ച ഒഴിവാക്കാൻ കേന്ദ്രം നിർദേശിച്ചു.
2018ലാണ് മുംബൈ ആസ്ഥാനമായ ഐഐപിഎസിന്റെ ഡയറക്ടർ സ്ഥാനത്ത് ഹാർവാർഡ് സർവകലാശാലയിൽനിന്ന് പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിൽ പോസ്റ്റ് ഡോക്ടറൽ ബിരുദമുള്ള കെ എസ് ജെയിംസിനെ നിയമിച്ചത്.