കൊൽക്കത്ത
കടുത്ത ശ്വാസതടസ്സത്തെതുടർന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസമായി ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തെ ശനി ഉച്ചയ്ക്കുശേഷമാണ് ദക്ഷിണ കൊൽക്കത്തയിലെ വുഡ്ലാൻഡ് നഴ്സിങ് ഹോമിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ബുദ്ധദേബ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അടക്കമുള്ള നേതാക്കളും ഗവർണർ സി വി ആനന്ദ ബോസും ആശുപത്രിയിലെത്തി രോഗവിവരം അന്വേഷിച്ചു. മുഖ്യമന്ത്രി മമത ബാനർജിയും രോഗവിവരം അന്വേഷിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖംമൂലം ബുദ്ധദേബ് ചികിത്സയിലാണ്.