നിയാമേ
നൈജറിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 15 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കൻ യൂണിയൻ. നിർദിഷ്ട സമയത്തിനുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളിലേക്ക് കടക്കുമെന്നും വെള്ളിയാഴ്ച യോഗം ചേർന്ന ആഫ്രിക്കൻ യൂണിയൻ സമാധാന, സുരക്ഷാ കൗൺസിൽ പ്രസ്താവിച്ചു. അതേസമയം, ഇടക്കാല സർക്കാർ തലവനായി സ്വയം പ്രഖ്യാപിച്ച അബ്ദുഹഹ്മാനെ ഷിയാനി ഭരണത്തിൽ തുടരാൻ ഉദ്ദേശിക്കുന്നതായും സൈനിക നേതാക്കളിൽ ഒരാളായ ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് തുമ്പ ദേശീയ ടെലിവിഷനിൽ പറഞ്ഞു. ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് സാധാരണഗതിയിലുള്ള പ്രവർത്തനം തുടരാൻ സൈനിക നേതാക്കൾ നിർദേശിച്ചു.
നൽകിവരുന്ന കോടിക്കണക്കിന് ഡോളർ സാമ്പത്തിക, സൈനിക സഹായം റദ്ദാക്കുമെന്ന് അമേരിക്ക പറഞ്ഞു. ബജറ്റ് പിന്തുണ, സുരക്ഷാ സഹായം എന്നീ നിലയിൽ നൽകിവരുന്ന സഹായം താൽക്കാലികമായി റദ്ദാക്കുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു.
അന്താരാഷ്ട്ര സഹായങ്ങൾ തുടരണമെന്ന് ഷിയാനി ടെലിവിഷനിലൂടെ അഭ്യർഥിച്ചു. സമാധാന ചർച്ചകൾക്കായി അയൽരാജ്യമായ നൈജീരിയയിൽനിന്നുള്ള സംഘവും ബെനിൻ പ്രസിഡന്റിന്റെ സമാധാനസംഘവും ഉടൻ നൈജർ സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അട്ടിമറിയെ അപലപിച്ചു. അതേസമയം, റഷ്യയിൽ സായുധകലാപശ്രമം നടത്തിയ സ്വകാര്യ സൈനിക സംഘം വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗേനി പ്രിഗോഷിൻ നൈജറിലെ അട്ടിമറിയിൽ സന്തോഷം പ്രകടിപ്പിച്ചു. ഫ്രഞ്ച് കോളനിയായിരുന്ന നൈജറിൽ പാശ്ചാത്യ രാജ്യങ്ങൾ തുടർന്നും ഇടപെടുന്നതാണ് അട്ടിമറിക്ക് കാരണമായതെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിൽ സഹായം നൽകാൻ ഒരുക്കമാണെന്നും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പറഞ്ഞു.മൂന്നു ദിവസം പിന്നിട്ടിട്ടും പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂം എവിടെയെന്നതിൽ വ്യക്തതയില്ല. ഷിയാനി പഴയ പ്രസിഡന്റ് മുഹമ്മദ് ഇസോഫുവിന്റെ അടുത്ത അനുയായി ആയതിനാൽ ഇസോഫുവാണ് അട്ടിമറിക്ക് പിന്നിലെന്ന അഭ്യൂഹവും ശക്തമാണ്. രാജ്യത്ത് കർഫ്യൂ തുടരുന്നു.