റിയാദ്
യൂറോപ്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കാനൊരുങ്ങി സൗദി ക്ലബ് അൽ ഹിലാൽ. ലോക ഫുട്ബോൾ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത തുകയ്ക്ക് അൽ ഹിലാൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ കൂടാരത്തിലെത്തിക്കാൻ ശ്രമം തുടങ്ങി. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കുമുന്നിൽ 2720 കോടി രൂപയുടെ കണ്ണഞ്ചിപ്പിക്കുന്ന കരാറാണ് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാർ നടപ്പായാൽ ഏകദേശം 6300 കോടി രൂപയായിരിക്കും ഇരുപത്തിനാലുകാരന് ലഭിക്കുന്ന വാർഷിക ശമ്പളം. അടുത്തവർഷം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അൽ ഹിലാലിന്റെ ഈ നീക്കം. എംബാപ്പെ സമ്മതം മൂളിയാൽ അത് ലോക ഫുട്ബോളിലെ ചരിത്രമാകും.
നിലവിൽ പിഎസ്ജിയിൽ ഒരുവർഷത്തെ കരാറാണ് എംബാപ്പെയ്ക്ക് ശേഷിക്കുന്നത്. അടുത്തവർഷം കരാർ അവസാനിക്കുന്നതോടെ റയലിൽ ചേരാനാണ് നീക്കം. എന്നാൽ, ഇങ്ങനെ സംഭവിച്ചാൽ സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന കാരണത്താൽ ഈ സീസണിൽത്തന്നെ ഫ്രഞ്ച് മുന്നേറ്റക്കാരനെ വിൽക്കാനൊരുങ്ങുകയാണ് പിഎസ്ജി. ഇക്കാര്യത്തിൽ ക്ലബ്ബും എംബാപ്പെയും തമ്മിൽ തർക്കവുമുണ്ടായി. ഒന്നുകിൽ കരാർ പുതുക്കണം, മറിച്ചായാൽ ഈ സീസണിൽ ക്ലബ് വിടണമെന്നാണ് പിഎസ്ജിയുടെ ആവശ്യം. 2024ലേക്ക് എംബാപ്പെയും റയലും തമ്മിൽ ധാരാണയായതായും പിഎസ്ജി സംശയിക്കുന്നുണ്ട്. പിന്നാലെ ഏഷ്യൻ പര്യടനത്തിനുള്ള ടീമിൽനിന്ന് ക്യാപ്റ്റനെ ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അൽ ഹിലാലിന്റെ കടന്നുവരവ്. നിലവിൽ ബ്രസീലുകാരനായ നെയ്മറുടെ പേരിലാണ് താരകൈമാറ്റത്തിലെ റെക്കോഡ് തുക. 2017ൽ ബാഴ്സലോണയിൽനിന്ന് ഏകദേശം 2000 കോടി രൂപയ്ക്കാണ് പിഎസ്ജി നെയ്മറെ സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്ത് എംബാപ്പെയാണ്. 2018ൽ മൊണാകോയിൽനിന്ന് 1600 കോടി രൂപയ്ക്കാണ് ഫ്രഞ്ചുകാരൻ പിഎസ്ജിയിൽ എത്തിയത്.
ഒരു വർഷത്തേക്കായാലും എംബാപ്പെയെ കൂടാരത്തിലെത്തിക്കണമെന്നാണ് അൽ ഹിലാലിന്റെ നിലപാട്. സൗദി ക്ലബ്ബിന്റെ വാഗ്ദാനം സ്വീകരിക്കാൻതന്നെയാണ് ഫ്രഞ്ച് ചാമ്പ്യൻമാരുടെ നീക്കം. ക്ലബ്ബിന് എംബാപ്പെയുമായി സംസാരിക്കാനുള്ള അനുമതിയും ഫ്രഞ്ച് ചാമ്പ്യൻമാർ നൽകി. യൂറോപ്യൻ ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു. എന്നാൽ, സൗദി ക്ലബ്ബിന്റെ പണക്കൊഴുപ്പിൽ അവയെല്ലാം പിന്നിലായി. അൽ ഹിലാൽ മാസങ്ങൾക്കുമുമ്പ് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്ക് വൻതുക വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, മെസി ഇത് നിരസിച്ചു. അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിൽ ചേരുകയും ചെയ്തു.
അൽ ഹിലാൽ പകരം ഫ്രഞ്ച് താരം കരിം ബെൻസെമയെ കൂടാരത്തിലെത്തിച്ചു. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെയാണ് സൗദി ലീഗ് ശ്രദ്ധേയമാകാൻ തുടങ്ങിയത്. അൽ നാസെറിലാണ് റൊണാൾഡോ ചേർന്നത്. പിന്നാലെ എൻഗോളോ കാന്റെ, റോബർട്ടോ ഫിർമിനോ തുടങ്ങിയ മുൻതാരങ്ങളും സൗദിയിലേക്കെത്തി. പണമൊഴുക്കി കൂടുതൽ കളിക്കാരെ സൗദി ക്ലബ്ബുകൾ ലീഗിലേക്ക് കൊണ്ടുവരികയാണ്.