മാഡ്രിഡ്
സ്പെയിന് പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ വന്‍മുന്നേറ്റമുണ്ടാക്കുമെന്ന പാശ്ചാത്യമാധ്യമങ്ങളുടെ പ്രവചനം പിഴച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതോടെ തൂക്കുപാർലമെന്റിന് സാധ്യത.350 അംഗ പാർലമെന്റിൽ പരമ്പരാഗത യാഥാസ്ഥിതിക കക്ഷിയായ പീപ്പിൾസ് പാർടി (പിപി) 136 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആൽബർട്ടോ നൂനസ് ഫീജൂവിന്റെ നേതൃത്വത്തിലുള്ള പിപി നിലവിലെ പ്രതിപക്ഷമാണ്. പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർടി (പിഎസ്ഒഇ) 122 സീറ്റു നേടി. കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകുന്ന 15 ഇടതുപക്ഷ പാർടികളുടെ സഖ്യമായ സുമറിന് 31 സീറ്റു കിട്ടി. പീപ്പിൾസ് പാർടിയെ പിളർത്തി 2013 ൽ രൂപംകൊണ്ട തീവ്രവലതുപക്ഷ സംഘടനയായ വോക്സ് പാർടിക്ക് 33 സീറ്റുമാത്രമാണ് ലഭിച്ചത്. “നവനാസി’ആശയഗതി പിന്‍പറ്റുന്ന വോക്സിന് 2019ല്‍ 59 സീറ്റുണ്ടായിരുന്നു.
സാഞ്ചസിനെ പിന്തുണയ്ക്കുന്ന പുരോഗമനപക്ഷം ഒന്നിച്ചാല്‍ 171 സീറ്റ് ലഭിക്കും. വോക്സ് പാര്‍ടി അടക്കം പിന്തുണച്ചാല്‍ പ്രതിപക്ഷമായ പിപിക്ക് 170 സീറ്റ് കിട്ടും. കേവല ഭൂരിപക്ഷത്തിന് 176 സീറ്റുവേണം.ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പിപിയെ ആയിരിക്കും സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കുക. ക്ഷണം സ്വീകരിച്ചാല്‍ ആൽബർട്ടോ നൂനസ് ഫീജൂവിന് സര്‍ക്കാരുണ്ടാക്കാന്‍ രണ്ടുമാസത്തെ സാവകാശം ലഭിക്കും.
മേയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടതോടെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പാർലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തുകയായിരുന്നു. ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്.