തിരുവനന്തപുരം
കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത് വി എസ് സർക്കാർ. അന്ന് ആരോഗ്യവകുപ്പിന് കീഴിലായിരുന്നു കേരള സാമൂഹ്യ സുരക്ഷാ മിഷൻ. 2010 ജൂലൈ ആറിനാണ് ‘താലോലം’ പദ്ധതിയുടെ ഭാഗമായി ഇത് ആരംഭിച്ചത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നത് 2011 മെയ് 18നും. എന്നാൽ പദ്ധതിക്ക് രൂപം നൽകിയത് ഉമ്മൻചാണ്ടി സർക്കാരാണെന്നും എൽഡിഎഫ് സർക്കാർ പദ്ധതി അവസാനിപ്പിച്ചെന്നുമാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
പദ്ധതിയുടെ പേര് “ശ്രുതിതരംഗം’ എന്നാക്കുക മാത്രമാണ് യുഡിഎഫ് സർക്കാർ ചെയ്തത്. ഈ പദ്ധതി നൂറോളം കുരുന്നുകൾക്ക് സഹായമായി ഇപ്പോഴും തുടരുന്നുമുണ്ട്. യുഡിഎഫ് സർക്കാർ നടത്താതിരുന്ന ഇംപ്ലാന്റേഷൻ ഉപകരണങ്ങളുടെ അപ്ഗ്രഡേഷൻ, നവീകരണം എന്നിവ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കി. സാമൂഹ്യ സുരക്ഷാ മിഷന് കീഴിലുള്ള പദ്ധതിയെ ആരോഗ്യ വകുപ്പിന്റെ കീഴിലേക്ക് മാറ്റുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. ആരോഗ്യ, സാമൂഹ്യനീതി, ധന മന്ത്രിമാരുടെയും ഉദ്യേഗസ്ഥരുടെയും യോഗവും ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും യോഗം ചേർന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. പദ്ധതിയിൽ പുതുതായി ഉൾപ്പെട്ട 49 പേരുടെ പട്ടിക സാമൂഹ്യ സുരക്ഷാ മിഷൻ എസ്എച്ച്എയ്ക്ക് കൈമാറിയിട്ടുമുണ്ട്. ഇതൊന്നും അറിഞ്ഞില്ലെന്ന് നടിച്ചാണ് വ്യാജവാർത്തയുമായി ചിലർ ഇറങ്ങുന്നത്.