കൊച്ചി
ആറുമാസത്തിനിടെ തിയറ്ററിലെത്തിയത് 114 മലയാളസിനിമകൾ. ഇതിൽ പ്രദർശനവിജയവും സാമ്പത്തികനേട്ടവും ഉണ്ടാക്കിയത് നാലെണ്ണം മാത്രം. ഈ വർഷത്തെ ആദ്യ ഹിറ്റായ ‘രോമാഞ്ച’ത്തിനും ‘2018’ നും ശേഷം ഹിറ്റ് ചാർട്ടിൽ കയറിയത് പുതുമുഖ സംവിധായിക സ്റ്റെഫി സേവിയറിന്റെ ‘മധുര മനോഹര മോഹം’, സുധി മാഡിസണിന്റെ “നെയ്മർ’ എന്നിവയാണ്. തിയറ്റർ ഉടമകൾക്ക് അൽപ്പമെങ്കിലും ആശ്വാസമാകുന്നത് അന്യഭാഷാചിത്രങ്ങളാണ്. തമിഴ്ചിത്രങ്ങളായ തുനിവ്, വാരിശ്, പോർതൊഴിൽ, പൊന്നിയിൻ സെൽവൻ 2, ഹോളിവുഡ് ആക്ഷൻ ത്രില്ലർ ജോൺ വിക്ക് ചാപ്റ്റർ 4, മിഷൻ ഇംപോസിബിൾ എന്നിവ നേട്ടമുണ്ടാക്കി.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കാലയളവിൽ മലയാള ചിത്രങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. മാർച്ചിൽമാത്രം 25 സിനിമ റിലീസായി. ഒറ്റദിവസം (ഫെബ്രുവരി 24) ഒമ്പത് സിനിമകൾ റിലീസ് ചെയ്തു. ആദ്യ മൂന്നുമാസം റിലീസായ 73 മലയാളസിനിമകളിൽ തിയറ്ററുകൾക്ക് ആശ്വാസമായത് ‘രോമാഞ്ചം’മാത്രം. മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ, മോഹൻലാലിന്റെ എലോൺ എന്നിവ വീണു. എന്നാൽ നൻപകൽ നേരത്ത് മയക്കം വൻ നിരൂപകപ്രശംസ നേടി.
മഞ്ജു വാര്യർ നായികയായ ആയിഷ, വെള്ളരിപ്പട്ടണം, കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും, ആസിഫലിയുടെ മഹേഷും മാരുതിയും, ബിജു മേനോന്റെ തങ്കം, ഭാവനയുടെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്, സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ എന്നിവയും പരാജയം രുചിച്ചു. നിവിൻ പോളിയുടെ തുറമുഖം തിയറ്ററിൽ രക്ഷപ്പെട്ടില്ലെങ്കിലും ശ്രദ്ധനേടി. പൂക്കാലം, ബി 32 മുതൽ 44 വരെ എന്നിവയും മികവുകാണിച്ചു.
ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ, മെയ്മാസം തിയറ്ററിലെത്തിയ 2018ഉം മധുര മനോഹര മോഹവും മാത്രമാണ് പച്ചതൊട്ടത്. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും, ധൂമം, ഷെയ്ൻ നിഗമിന്റെ കൊറോണ പേപ്പേഴ്സ്, ഷൈൻ ടോം ചാക്കോയുടെ അടി, സുരാജ് വെഞ്ഞാറമൂടിന്റെ മദനോത്സവം, ഉർവശിയുടെ ചാൾസ് എന്റർപ്രൈസസ്, ഇന്ദ്രൻസിന്റെ വിത്തിൻ സെക്കൻഡ്സ്, രജിഷ വിജയന്റെ ‘കൊള്ള’ എന്നിവ പരാജയം ഏറ്റുവാങ്ങി. ടൊവിനോ തോമസിന്റെ ‘നീലവെളിച്ചം’ കലാമൂല്യമുള്ളതായെങ്കിലും പണം വാരിയില്ല. വിദ്വേഷസിനിമ ‘കേരള സ്റ്റോറി’ കേരളത്തിൽ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയം.