കോഴിക്കോട്
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി ദേശീയ നേതൃത്വത്തിന് പരാതി. അച്ചടക്ക നടപടി ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഗ്രൂപ്പാണ് നേതൃത്വത്തെ സമീപിച്ചത്. പരസ്യ വിമർശനം നടത്തി മാധ്യമങ്ങളിലൂടെ തുടർച്ചയായി സംസ്ഥാന നേതൃത്വത്തെ അപമാനിക്കുന്നതായി അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ എന്നിവർക്ക് നൽകിയ പരാതിയിലുണ്ട്.
കോഴിക്കോട്ട് കഴിഞ്ഞ ദിവസം ശോഭ നടത്തിയ പരാമർശങ്ങളാണ് സുരേന്ദ്രൻ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. തന്നെ പുറത്താക്കാനുള്ള മോഹത്തിലാണ് ചില നേതാക്കളെന്നും എന്നാൽ അതിനുള്ള വെള്ളം വാങ്ങിവച്ചാൽ മതിയെന്നും ശോഭ ഓർമിപ്പിച്ചിരുന്നു. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സമാഹരിച്ച കുടുംബസഹായ ഫണ്ടിലേക്ക് കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടയാളിൽനിന്ന് പണം വാങ്ങിയതും ശോഭ ചോദ്യം ചെയ്തിരുന്നു. പരസ്യപ്രസ്താവനകൾ വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞതിനോട് ഏതാണീ സുധീർ, തനിക്കൊരു സുധീറിനെയും അറിയില്ലെന്നും ശോഭ പ്രതികരിച്ചിരുന്നു. തുടർന്ന് ദേശീയ കൗൺസിലംഗം പി കെ കൃഷ്ണദാസുമായി ചർച്ച നടത്തി. കൃഷ്ണദാസ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കോഴിക്കോട് ജില്ലാ നേതൃത്വം.
സുരേന്ദ്രൻ ഗ്രൂപ്പിനോട് ഇടഞ്ഞുനിൽക്കുന്ന ശോഭയെ ഇവിടെ തുടർച്ചയായി പരിപാടികളിൽ പങ്കെടുപ്പിക്കുന്നുമുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റിന് ജില്ലയിൽ പരിപാടിക്ക് വിലക്കില്ലെന്ന് പറഞ്ഞ് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ ഇതിനെ ന്യായീകരിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും തട്ടകമായ കോഴിക്കോട് ശോഭ സുരേന്ദ്രനിലൂടെ പുതിയ പോർമുഖം തുറന്നിരിക്കയാണ് കൃഷ്ണദാസ് വിഭാഗം. ഇതിന് കടിഞ്ഞാണിടാൻ ലക്ഷ്യമിട്ടാണ് ഔദ്യോഗിക പക്ഷം പരാതിയുമായി രംഗത്തെത്തിയത്. ശോഭയുടെ ആരോപണങ്ങളോട് പരസ്യമായി പ്രതികരിക്കില്ലെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. അതേസമയം പരാതി നൽകിയത് നിഷേധിച്ചിട്ടുമില്ല.