തിരുവനന്തപുരം
സംസ്ഥാന സർക്കാരുകളെ ശ്വാസംവിടാൻ അനുവദിക്കാതെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്ര സർക്കാരെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത് കുത്തകകളുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമാണ്. സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുന്നു. സഹകരണ ഫെഡറലിസത്തിൽ സംസ്ഥാനത്തിന്റെ പങ്ക് ശക്തിപ്പെടുത്തണം. ‘കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നു’ എന്നാണ് പ്രചരിപ്പിക്കുന്നത്. നൽകുകയല്ല, പങ്കുവയ്ക്കുകയാണ് കേന്ദ്രത്തിന്റെ കടമ.
കേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്ന സഹായങ്ങളെല്ലാം 30 ശതമാനമായി ചുരുക്കി. ഭാരിച്ച ബാധ്യതയാണ് സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിനുമേൽ. സ്വന്തംനിലയിലുള്ള വരുമാനമാർഗങ്ങൾ വർധിപ്പിക്കാൻ കേരളം നിർബന്ധിക്കപ്പെടുകയാണ്. അതേസമയം, കേന്ദ്ര സർക്കാരിനുള്ള സെസ് 10 ശതമാനമായിരുന്നത് 23 ശതമാനമാക്കി വർധിപ്പിക്കുകയും ചെയ്തു. ഇതിനെയെല്ലാം തരണം ചെയ്താണ് കേരളം വികസനപ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കി മുന്നേറുന്നത്. കടമെടുക്കാനുള്ള പരിധിയുൾപ്പെടെ വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ വരിഞ്ഞുമുറുക്കുമ്പോഴും എല്ലാമേഖലയിലും നമ്മൾ മുന്നിലാണ് എന്നത് അഭിമാനകരമാണ്.