കൊൽക്കത്ത
മണിപ്പുരിന് പിന്നാലെ പശ്ചിമ ബംഗാളിലും സ്ത്രീകളെ നഗ്നരാക്കി ക്രൂരമർദനത്തിനിരയാക്കി. മാൾദ ജില്ലയിലെ ബമൻസോലാ പാക്കുവായ് ഹട്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഗ്രാമീണ ആഴ്ച ചന്തയിൽ നാരങ്ങ വിൽക്കാനെത്തിയ പിന്നാക്ക വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ മോഷണക്കുറ്റം ആരോപിച്ചാണ് നഗ്നരാക്കി ജനമധ്യത്തിൽ നടത്തിച്ചത്. ഒരു പറ്റം സ്ത്രീകൾ തന്നെയാണ് ഹീനകൃത്യത്തിന് നേതൃത്വം നൽകിയത്. പൊലീസ് നിയന്ത്രണത്തിലുള്ള വനിതാ സിവിക്ക് വളന്റിയർ സംഭവ സ്ഥലത്തുണ്ടായിട്ടും അക്രമം തടയാൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശക്തമാണ്.
വസ്ത്രം പൂർണമായി വലിച്ചു കീറി നഗ്നരാക്കിയശേഷം ഇരുവരെയും ക്രൂരമായി മർദിച്ചു. പിന്നീട് ആൾക്കൂട്ടത്തിന് നടുവിലൂടെ തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഏറെ വൈകിയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അപമാനിതരായ സ്ത്രീകളെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് അക്രമികൾക്ക് എതിരെ ഒരു നടപടിയും എടുത്തില്ല. ശനിയാഴ്ച നടന്ന സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സംസ്ഥാന സർക്കാർ വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ അഞ്ചുപേരെ കസ്റ്റഡിയിൽ എടുത്തു.
സമൂഹത്തെയാകെ ലജ്ജിപ്പിച്ച സംഭവത്തെ സിപിഐ എം മാൾദ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അക്രമ പരമ്പര ഒരു നിയന്ത്രണവുമില്ലാതെ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് സംഭവമെന്നും പാർടി വ്യക്തമാക്കി.