ബംഗളൂരു
കർണാടകത്തിൽ വ്യാജ അപകടം ഉണ്ടാക്കി തക്കാളി ട്രക്കുമായി കടന്ന അഞ്ചംഗ സംഘത്തിലെ ദമ്പതികൾ പടിയിൽ. ബംഗളൂരു ചിക്കജലയ്ക്ക് സമീപത്താണ് സംഭവം. തമിഴ്നാട്ടിലെ വെല്ലൂരിൽനിന്നുള്ള ഭാസ്കർ (28), ഭാര്യ സിന്ധുജ (26) എന്നിവരാണ് തങ്ങളുടെ കാറിൽ ട്രക്കിടിച്ചെന്ന് ആരോപിച്ച് പ്രശ്നമുണ്ടാക്കിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കർഷകനായ മല്ലേഷ് വഴങ്ങിയില്ല.
ഇതോടെ, രണ്ടര ലക്ഷം രൂപയുടെ തക്കാളി ഉണ്ടായിരുന്ന ട്രക്ക് തട്ടിയെടുത്ത് ദമ്പതിമാരുൾപ്പെട്ട സംഘം രക്ഷപെട്ടു. തമിഴ്നാട്ടിലെ ആമ്പൂരിനടുത്തുള്ള വാണിയമ്പാടിയിൽ തക്കാളി വിൽക്കുന്നതിനിടെയാണ് ദമ്പതികൾ പൊലീസ് പിടിയിലായത്. സംഘത്തിലെ മറ്റു മൂന്നുപേർ ഒളിവിലാണ്. വെല്ലൂർ സ്വദേശികളായ ദമ്പതികൾ ഹൈവേ കവർച്ച സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.