കെയ്റോ
സുഡാനിൽ അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കൊലപ്പെടുത്തിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയെന്ന് ഐക്യരാഷ്ട്ര സംഘടന. ഗായ്നിന നഗരത്തിലെ വെസ്റ്റ് ഡാർഫൂരിൽ 87 മൃതദേഹങ്ങൾ കുഴിച്ചുമൂടിയ രണ്ട് കുഴിമാടങ്ങൾ കണ്ടെത്തിയതായി ആധികാരിക വിവരം ലഭിച്ചെന്ന് യുഎൻ മനുഷ്യാവകാശ കമീഷൻ അധികൃതർ പറഞ്ഞു. ആഫ്രിക്കൻ മസാലിറ്റ് ഗോത്ര വംശജർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഇവിടെയുള്ളത്. ഏപ്രിൽ പകുതിയോടെ സൈന്യവും ആർഎസ്എഫും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ആഭ്യന്തരകലാപമായി വളർന്നിരുന്നു. നിരവധിപേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു വെസ്റ്റ് ഡാർഫൂർ.