തൃശൂർ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിൽ സർക്കാർ എംബ്ലം വച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് പിൻവലിച്ചുവെന്ന വാർത്ത നുണയാണെന്ന് പ്രസിഡന്റ് സച്ചിദാനന്ദൻ. പോസ്റ്റ് പിൻവലിച്ചുവെന്ന് വൻവാർത്ത നൽകിയ മാതൃഭൂമി, മനോരമ പത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജ് ഒന്നു സ്ക്രോൾ ചെയ്ത് നോക്കാൻപോലും തയ്യാറായില്ല. അക്കാദമിയുടെ കുറച്ചു പുസ്തകത്തിലാണ് സർക്കാരിന്റെ എംബ്ലമുള്ളത്. അടുത്തുവരുന്ന പ്രസിദ്ധീകരണങ്ങളിൽ അതുണ്ടാവില്ല. വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകങ്ങളുടെ അകത്തുകൊടുക്കുകയോ അല്ലെങ്കിൽ ആമുഖത്തിൽ പറയുകയോ കോപ്പിറൈറ്റിൽ സൂചിപ്പിക്കുകയോ ചെയ്യാമായിരുന്നുവെന്നാണ് ഇതേക്കുറിച്ചുള്ള അഭിപ്രായം. വിഷയം തീർന്നിട്ടും വീണ്ടും വിവാദമുണ്ടാക്കുന്നതിനു പിന്നിൽ ചില ശക്തികളുണ്ട്. അവരാണ് നിരന്തരം അക്കാദമിയെക്കുറിച്ച് വാർത്തയുണ്ടാക്കുന്നതെന്ന് സച്ചിദാനന്ദൻ ദേശാഭിമാനിയോട് പറഞ്ഞു. അക്കാദമി സെക്രട്ടറിയുമായി അഭിപ്രായവ്യത്യാസമില്ല. അക്കാദമിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന് ചിലർക്ക് പ്രത്യേ അജൻഡയുണ്ട്.
‘എന്തു കൊണ്ടാണ് നമ്മുടെ ചില പത്രങ്ങൾ ഇങ്ങനെയായത്?, ഞാൻ എന്റെ ഒരു പോസ്റ്റും പിൻവലിച്ചിട്ടില്ലെന്ന് ഒന്ന് സ്ക്രോൾ ചെയ്തു നോക്കിയാൽ കാണാം. ഏതു ചെറിയ അഭിപ്രായ വ്യത്യാസത്തെയും മല്ലയുദ്ധമാക്കുന്ന ഈ സംസ്കാരം നമ്മുടെ മാധ്യമങ്ങൾക്ക് എവിടെനിന്ന് കിട്ടി?. ക്രെറ്റിനിസം ചികിത്സ വേണ്ട ഒരു രോഗമാണ്’–- പോസ്റ്റ് പിൻവലിച്ചുവെന്ന വാർത്ത വന്ന ബുധനാഴ്ച അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.