തിരുവനന്തപുരം
സംസ്ഥാന ജിഎസ്ടി വകുപ്പിനുകീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കും. വകുപ്പുതല അപ്പീൽ സംവിധാനത്തിനു മുകളിലാണ് ഇവ പ്രവർത്തിക്കുക. ഇവയുടെ തീർപ്പുകളിൻമേലുള്ള അപ്പീലുകൾ ഹൈക്കോടതി പരിഗണിക്കും. അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനായി 2023ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ(ഭേദഗതി)ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. 2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുക.
സംസ്ഥാനത്ത് ഒരു ട്രിബ്യൂണലിൽ നാല് അംഗങ്ങളുണ്ടാകും. നാലംഗ ട്രിബ്യൂണലിലെ രണ്ടുപേർ ജുഡീഷ്യൽ അംഗങ്ങളും മറ്റുള്ളവർ ടെക്നിക്കൽ അംഗങ്ങളുമായിരിക്കും. ഹൈക്കോടതി ജഡ്ജി യോഗ്യതയായിരിക്കും ജുഡീഷ്യൽ അംഗങ്ങൾക്ക് വേണ്ടത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി എന്നവരടങ്ങിയ സമിതി ജുഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കും. ടെക്നിക്കൽ അംഗങ്ങളിൽ ഒരാൾ സംസ്ഥാന സർവീസിലെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലും മറ്റൊരാൾ കേന്ദ്ര സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിലും പ്രവർത്തിക്കുന്നവരായിരിക്കും.
അടുത്തവർഷം ട്രിബ്യൂണൽ നിലവിൽ വരുമെന്നാണ് പ്രതീക്ഷ. എല്ലാ സംസ്ഥാന ജിഎസ്ടി നിയമത്തിലും ഭേദഗതി വരുത്തിയാലേ ട്രിബ്യൂണലുകൾ നിലവിൽവന്നതായി കേന്ദ്ര സർക്കാരിന് വിജ്ഞാപനം ഇറക്കാനാകൂ. ഇതിനുശേഷമേ സംസ്ഥാന ട്രിബ്യൂണലുകളിലെ ജൂഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി നിർണയം അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ. സംസ്ഥാനത്ത് നിലവിൽ ആദ്യതട്ടിൽ ജോയിന്റ് കമീഷണർ, അഡീഷണൽ കമീഷണർ തലത്തിലാണ് അപ്പീൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിൽ ജോയിന്റ് കമീഷണർ, അഡീഷണൽ കമീഷണർ, കമീഷണർ തസ്തികളിലെ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ജിഎസ്ടി നിയമപ്രകാരം ഇവർക്കുമുകളിൽ രണ്ടാംതലത്തിലാണ് അപ്പലേറ്റ് ട്രിബ്യൂണൽ പ്രവർത്തിക്കേണ്ടത്.