തിരുവനന്തപുരം
അപകീർത്തികരവും ഉന്മൂലനസ്വഭാവമുള്ളതുമായ മാധ്യമ പ്രവർത്തനം നടത്തുന്നയാളെന്ന് ഹൈക്കോടതി വിലയിരുത്തിയ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കുവേണ്ടി വീറോടെ വാദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും. മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ ഒളിവിൽ കഴിയുന്നയാളാണ് ഷാജൻ. വ്യാജ വാർത്ത പടച്ചുവിട്ടതിനും അധിക്ഷേപിച്ചതിനും സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. അങ്ങനെയുള്ള പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ മറ്റൊരു മാധ്യമ പ്രവർത്തകനെയും പൊലീസ് വിളിച്ചിട്ടില്ല. ഡിജിറ്റൽ ഉപകരണം അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും. അത് പാടില്ലെന്ന് വി ഡി സതീശൻ പറയുന്നത് സംശയാസ്പദമാണ്. മറുനാടന്റെ ഫോണുകളിലേക്കും ഇ–- മെയിലുകളിലേക്കും എവിടെനിന്നൊക്കെയാണ് വ്യാജ കഥകളും അധിക്ഷേപത്തിനുള്ള ആഹ്വാനങ്ങളും വന്നതെന്ന് തെളിയണം. ഇത് പുറത്തുവരുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഒരു കേന്ദ്രത്തിൽനിന്ന് ഉൽപ്പാദിപ്പിച്ച് വ്യാജ വാർത്തയും വീഡിയോയും സിപിഐ എം വിരുദ്ധ മാധ്യമ ലോബിക്ക് എത്തിക്കുന്നത് പതിവാണ്. തെരുവുനായ പ്രശ്നത്തിലടക്കം വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചതായും ആക്ഷേപമുയർന്നിരുന്നു. സംസ്ഥാനത്താകെ ഭീതിവിതയ്ക്കുന്ന വാർത്ത കൂട്ടത്തോടെ നൽകുകയെന്ന തന്ത്രമാണ് പയറ്റുന്നത്. വ്യാജന്മാരെ സംരക്ഷിക്കണമെന്ന സതീശന്റെ ആവശ്യത്തിനു പിന്നിൽ ഇത്തരം അധിക്ഷേപ വാർത്തകളുടെ സോഴ്സ് അറിയരുതെന്ന താൽപ്പര്യമാണെന്ന് വ്യക്തം.
ഹൈക്കോടതി ഷാജനെ വിലയരുത്തിയത് ഇങ്ങനെ: ‘മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചല്ല ഷാജന്റെ പ്രവർത്തനം.
വാർത്തയുടെ കൃത്യതയും പൂർണതയും ഉറപ്പാക്കുന്ന അടിസ്ഥാനതത്വങ്ങൾക്കുപകരം വ്യക്തികളെ അപകീർത്തിപ്പെടുത്തുക, നിന്ദിക്കുക, നശിപ്പിക്കുക, ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് അനുവർത്തിക്കുന്നത്.’
ഷാജനായി തിരച്ചിൽ;
അന്വേഷകസംഘം ബംഗളൂരുവിൽ
ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പുണെയിലും തിരച്ചിൽ നടത്തുന്നുണ്ട്.
മറുനാടൻ മലയാളിയുടെ ഓഫീസുകളിൽനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽഫോണുകൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടൻ പിടികൂടുമെന്നാണ് സൂചന. പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. വ്യാജവാർത്ത നൽകൽ, പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവപ്രകാരമാണ് കേസ്.