തിരുവനന്തപുരം > ഏക സിവൽകോഡ് വിഷയത്തിൽ കോൺഗ്രസ് വല്ലാത്ത ആശയക്കുഴപ്പത്തിലാണെന്ന് നിയമമന്ത്രി പി രാജീവ്. ഒരു സംസ്ഥാനത്തിലെ കോൺഗ്രസ് മന്ത്രി പിന്തുണച്ചു. മറ്റു പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. അഖിലേന്ത്യ നേതൃത്വവും നിലപാടിൽ വ്യക്തത വരുത്തിയിട്ടില്ല. വിഷയത്തിൽ അദ്ഭുതകരമായ പ്രതികരണം കേരളത്തിലെ പ്രതിപക്ഷ നേതാവിന്റേതാണ്. ബിജെപിയും സിപിഐ എമ്മും പ്രശ്നത്തിൽ ഒരുപോലെ എന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എത്രമാത്രം പ്രതിസന്ധി കോൺഗ്രസ് അഭിമുഖീകരിക്കുന്നു എന്നതിന് തെളിവാണതെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡ് അടിയന്തരമോ അനിവാര്യമോ അല്ല എന്ന സുവിധിതമായ നിലപാടാണ് ലോ കമീഷൻ സ്വീകരിച്ചത്. ഏക സിവിൽകോഡിലൂടെ ഹിന്ദുത്വ പദ്ധതി അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധ്രുവീകരണമാണ് ലക്ഷ്യം. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്തവരാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ദേശീയ പാർടി എന്ന നിലയിൽ കോൺഗ്രസ് തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ തയ്യാറാകണം.
ഗവർണർ ബില്ലുകൾ ഒപ്പിടാത്ത സാഹചര്യം സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം അസാധാരണ സാഹചര്യം വരുമ്പോൾ കോടതിയെ സമീപിക്കേണ്ടിവരും. അത് സർക്കാർ ആലോചിക്കുന്നുണ്ട്. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ പാടില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ, നാടിന്റെ പൊതുതാൽപ്പര്യം പ്രതിസന്ധിയിലാകുമ്പോൾ സർക്കാരിനു ഉത്തരവാദിത്തം നിർവഹിക്കേണ്ടിവരും. 2018ലെ യുജിസി റഗുലേഷൻ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും നിയമം മാറ്റണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. അതനുസരിച്ചുള്ള നിയമനിർമാണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.