കൊച്ചി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എബിൻ എബ്രഹാം മോൻസണിൽനിന്ന് 15 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയതായി സൂചന. മോൻസണിന്റെ ജീവനക്കാരനായിരുന്ന ഇയാൾ, ശമ്പളം ഉൾപ്പെടെയാണ് വൻതുക കൈപ്പറ്റിയത്.
തന്റെ പിഎ ആണെന്ന് സുധാകരൻ പറഞ്ഞിരുന്ന എബിന്റെ അക്കൗണ്ടിലേക്ക് മോൻസണിന്റെ ജീവനക്കാരുടെ അക്കൗണ്ടിൽനിന്ന് പണം നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. എന്നാൽ, പണമായി കൂടുതൽ തുക നേരിട്ട് കൈമാറിയെന്നാണ് സൂചന. 25 ലക്ഷത്തോളം രൂപ ഇയാൾ പണമായി കൈപ്പറ്റിയെന്നാണ് പരാതിക്കാരുടെ ആരോപണം. മോൻസണിൽനിന്ന് എബിൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിച്ചതായും പരാതിക്കാർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തതയ്ക്ക് എബിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. മോൻസണിൽനിന്ന് എബിന്റെ അക്കൗണ്ടിലേക്ക് ഒരുലക്ഷത്തിൽ താഴെ ലഭിച്ചതിന്റെ തെളിവുകളാണ് നിലവിലുള്ളത്. എബിനെ ഉടൻ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. പങ്കാളിത്തം ബോധ്യപ്പെട്ടാൽ കേസിൽ പ്രതിചേർക്കും.
പരാതിക്കാരായ തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാക്ഷിയായ ഡ്രൈവർ അജിത്തിനെയും സ്വാധീനിക്കാൻ ശ്രമിച്ചു. പണം ഉൾപ്പെടെ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനെല്ലാമുള്ള പണം എബിന് ലഭിച്ചത് മോൻസണിന്റെ കൈയിൽനിന്നാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
ജീവനക്കാരുടെ ശമ്പള അക്കൗണ്ടുവഴിയാണ് മോൻസൺ പണമിടപാടുകൾ നടത്തിയിരുന്നത്. തന്റെ അക്കൗണ്ടുകൾ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം മരവിപ്പിച്ചെന്നും അതിനാലാണ് ജീവനക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്നുമാണ് മോൻസൺ വിശ്വസിപ്പിച്ചത്. സാലറി അക്കൗണ്ടുകളുടെ കോൺടാക്ട് നമ്പറും ഇ–-മെയിൽ വിലാസവും മോൻസണിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.