മയ്യിൽ (കണ്ണൂർ)
പുനർജനി പദ്ധതിയുടെപേരിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പിരിച്ച പണമെവിടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രകൃതിദുരന്തത്തിൽ വീട് നഷ്ടമായവരെ സഹായിക്കാനെന്നുപറഞ്ഞ് സതീശൻ വിദേശങ്ങളിൽനിന്ന് വൻതോതിൽ പണം പിരിച്ചിരുന്നു. വീട് നിർമിച്ച് നിൽകിയുമില്ല. ലൈഫിലെ വീടുകൾ ‘പുനർജനി’യുടേതാക്കാൻ ശ്രമിച്ചു. എൻജിഒ യൂണിയൻ നിർധന കുടുംബങ്ങൾക്ക് നൽകുന്ന വീടുകളുടെ സംസ്ഥാന നിർമാണോദ്ഘാടനം മയ്യിൽ ചെറുപഴശ്ശി കണ്ണോത്തുമുക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘പുനർജനി’ കേസിൽ ഒന്നാം പ്രതിയായതിനാലാണ് സതീശൻ, പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ കെ സുധാകരനെ സംരക്ഷിക്കുന്നത്. അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് രാജിവയ്ക്കേണ്ടെന്നാണ് സതീശൻ പറയുന്നത്. ‘പുനർജനി’ കേസിൽ പ്രതിപക്ഷനേതാവ് രാജിവയ്ക്കണമെന്ന ആവശ്യം തടയാനാണിത്. പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 35 വർഷം കഠിനതടവും വിധിക്കപ്പെട്ട മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സുധാകരൻ കെപിസിസി പ്രസിഡന്റായി തുടരുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടിയില്ല. കോടതി വിധി വന്ന് മൂന്ന് ദിവസത്തിനുശേഷം മോൻസൺ ശത്രുവല്ല, മിത്രമാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത് സുധാകരനാണ്. മോൻസണിനെതിരെ സുധാകരൻ എന്തെങ്കിലും പറഞ്ഞാൽ അയാൾ മുഴുവൻ കാര്യങ്ങളും പുറത്തുപറയും. കേസുമായി ബന്ധപ്പെട്ട് സുധാകരൻ പറഞ്ഞതിന്റെ അത്രയും ഞങ്ങൾ പറഞ്ഞില്ല. ഇതിന്റെപേരിലാണ് എനിക്കും ‘ദേശാഭിമാനി’ക്കുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറയുന്നത്. ഓലപ്പാമ്പ് കാട്ടി ‘ദേശാഭിമാനി’യെയും സിപിഐ എമ്മിനെയും ഭീഷണിപ്പെടുത്താൻ നോക്കേണ്ട.
മോൻസണിന്റെ കൂട്ടുപ്രതിയായ സുധാകരന്റെ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറയുന്നത് പരിഹാസ്യമാണ്. തട്ടിപ്പുകേസിൽ സുധാകരൻ നിയമത്തിനുമുന്നിൽ എല്ലാം തുറന്നുപറയുകയാണ് വേണ്ടത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരായി നിൽക്കേണ്ട അവസ്ഥയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.