തിരുവനന്തപുരം
കെ–- -റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വന്ദേഭാരതിൽ സഞ്ചരിച്ചതോടെ, കെ–- -റെയിലിനെ എതിർത്തവരുടെയടക്കം മനസ്സിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്ര റെയിൽമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വന്ദേഭാരത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ചു. കേരളത്തിൽ വന്നും ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ പദ്ധതിക്ക് അനുമതി നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോൺ ബ്രിട്ടാസ് എംപിയാണ് നാം മുന്നോട്ടിന്റെ അവതാരകൻ. കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ് ജി വിജയദാസ്, മഹാരാജാസ് കോളേജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ സന്തോഷ് ടി വർഗീസ്, മുതിർന്ന മാധ്യമ പ്രവർത്തക സരിത വർമ, നടൻ പ്രശാന്ത് അലക്സാണ്ടർ, മല്ലു ട്രാവലർ ഷക്കീർ സുഭാൻ എന്നിവർ പാനലിസ്റ്റുകളായി.
പുതിയ എപ്പിസോഡുകൾ ഇന്നുമുതൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന “നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഞായറാഴ്ചമുതൽ സംപ്രേഷണം ചെയ്യും. കൈരളി ന്യൂസ്–- -ഞായർ രാത്രി 9.30 (പുനഃസംപ്രേഷണം ബുധൻ വൈകിട്ട് 3.30), ഏഷ്യാനെറ്റ് ന്യൂസ്–- – വൈകിട്ട് 6.30, മാതൃഭൂമി ന്യൂസ്–- രാത്രി 8.30, മീഡിയ വൺ–- രാത്രി 7.30, 24 ന്യൂസ്– വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒന്നിന്), ജീവൻ ടിവി– വൈകീട്ട് ഏഴ്, റിപ്പോർട്ടർ ടിവി–- വൈകിട്ട് 6.30, ദൂരദർശൻ–- രാത്രി 7.30, ന്യൂസ് 18–- രാത്രി 8.30, ജയ്ഹിന്ദ് ടിവി– -ബുധൻ രാത്രി ഏഴ്, കൈരളി ടിവി–- 24ന് പുലർച്ചെ 12.30 (പുനഃസംപ്രേഷണം രാവിലെ 6.30), കൗമുദി ടിവി–- 24ന് രാത്രി എട്ട്.