തിരുവനന്തപുരം
ഗാന്ധിയെയും നെഹ്റുവിനെയും ആസാദിനെയും തമസ്കരിക്കുന്നവർ ഇനി ടാഗോറിനെയും തമസ്കരിക്കുന്നകാലം വിദൂരമല്ലെന്ന് ടി പത്മനാഭൻ. സംസ്കാര സാഹിതിയുടെ ടാഗോർ പുരസ്കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽനിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. വി ഡി സതീശന്റെ പ്രസംഗത്തിൽ തന്നെക്കുറിച്ച് ‘സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിച്ചയാൾ’ എന്ന പരാമർശമുണ്ടായത് അദ്ദേഹം തിരുത്തി.
‘‘ഞാൻ കളത്തിനു പുറത്തിരുന്ന് കളി കണ്ടയാളല്ല, കളത്തിലിറങ്ങി കളിച്ചയാളാണ്’’–- എന്നായിരുന്നു പ്രതികരണം.
1940ൽ ഒമ്പതോ പത്തോ വയസ്സുള്ളപ്പോൾ കോഴിപ്പുറത്ത് മാധവമേനോനും എ വി കുട്ടിമാളു അമ്മയുമടക്കമുള്ള നേതാക്കന്മാർ കണ്ണൂരിലെത്തിയപ്പോൾ അവർക്കൊപ്പം ഗാന്ധിയുടെ സന്ദേശവുമായി നടന്നയാളാണ് താൻ. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങൾ ചുമരിൽ എഴുതിയതിന് ഒരാഴ്ച സ്കൂളിൽനിന്ന് പുറത്താക്കുകയും ചെയ്തു. കുട്ടികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ജയിലിലടയ്ക്കാതിരുന്നത്. അന്നത്തെ വീര്യമൊന്നും ചോർന്നുപോയിട്ടില്ല.
1943 മുതൽ ഖദർ വസ്ത്രമാണ് ധരിക്കുന്നത്. കെ കേളപ്പന്റെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും മൊയ്തുമൗലവിയുടെയുമൊക്കെ ക്ലാസുകൾകേട്ട് വളർന്നുവന്നയാളാണ് താനെന്നും അദ്ദേഹം വി ഡി സതീശന് മറുപടി നൽകി. കോൺഗ്രസിനെ തോൽപ്പിക്കാൻ കോൺഗ്രസുകാർക്ക് മാത്രമേ കഴിയൂ. എന്നാൽ കോൺഗ്രസ് തോൽവിയിൽനിന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനാണ് പുരസ്കാരം കൈമാറിയത്.