തിരുവനന്തപുരം
ഒമ്പത് ജില്ലയിലെ 17 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക 19ന് പ്രസിദ്ധീകരിക്കും. അന്നുമുതൽ ജൂലൈ നാലുവരെ പേര് ചേർക്കാനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. ജൂലൈ 13ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 15 പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
പേര് ചേർക്കാനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്താനുമുള്ള അപേക്ഷകൾ http://www.lsgelection.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കാനുള്ള അപേക്ഷ ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമീഷന്റെ http: www.lsgelection. kerala.gov.in ലും ലഭിക്കും.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്. ഓരോ ജില്ലയിലും തദ്ദേശവകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീൽ അധികാരി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് തീയതി മുതൽ 15 ദിവസമാണ് അപ്പീൽ കാലയളവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിലെ തദ്ദേശസ്ഥാപന വാർഡുകൾ (ബ്രാക്കറ്റിൽ വാർഡ് നമ്പർ): ഏഴിക്കര വടക്കുപുറം (മൂന്ന്), വടക്കേക്കര മുറവൻ തുരുത്ത് (11), മൂക്കന്നൂർ കോക്കുന്ന് (നാല്), പള്ളിപ്പുറം പഞ്ചായത്ത് വാർഡ് (10).