ന്യൂഡൽഹി
ഡൽഹി പൊലീസ് റൗസ്അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ നടത്തിയ അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും. എൺപതോളം സാക്ഷിമൊഴികളും കോൾവിവരങ്ങളും കുറ്റപത്രത്തിലുണ്ട്.
ബ്രിജ്ഭൂഷൺ ഗുസ്തി താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയത് 22 പേർ സ്ഥിരീകരിച്ചു. ഇവരിൽ ഗുസ്തി താരങ്ങൾ, അന്താരാഷ്ട്ര റഫറിമാർ, ഫിസിയോമാർ, കോച്ചുമാർ തുടങ്ങിയവരാണുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.
പ്രായപൂർത്തിയായ ആറ് താരങ്ങളുടെ പരാതികളിൽ നാലുപേരുടെ പരാതിക്കൊപ്പമാണ് വീഡിയോ തെളിവുള്ളത്.
കുറ്റപത്രത്തിൽ കഴിഞ്ഞ ഒരു വർഷത്തെ കോൾ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിലേത് ലഭ്യമല്ലെന്നാണ് പൊലീസ് ഭാഷ്യം.
വിവിധ ടൂർണമെന്റുകൾ, ഫോട്ടോസെഷനുകൾ, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽവച്ച് ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് താരങ്ങൾ രഹസ്യമൊഴി നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് കുറ്റപത്രത്തിലുമുള്ളത്. പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് ജൂൺ ആറിന് നാല് താരങ്ങൾ ഈ തെളിവുകൾ കൈമാറിയത്.