ന്യൂഡൽഹി
റിസർവ് ബാങ്കിന്റെ മൂന്ന് അതിസുരക്ഷാ പ്രസിൽ അച്ചടിച്ച 88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകൾ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നാസിക്, ബംഗളൂരു, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളിലെ പ്രസുകളിൽ അച്ചടിച്ച അഞ്ഞൂറിന്റെ പുതുതായി രൂപകൽപ്പന ചെയ്ത 881 കോടി എണ്ണം നോട്ടുകളിൽ റിസർവ് ബാങ്കിന്റെ സംഭരണശാലയിൽ എത്തിയത് 726 കോടി നോട്ടുമാത്രം. 88,032.5 കോടി രൂപ മൂല്യമുള്ള 176 കോടി നോട്ടുകൾ എവിടെപ്പോയെന്ന് റിസർവ് ബാങ്കിന് ഉത്തരമില്ല. മുംബൈ സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ മനോരഞ്ജൻ റോയിക്ക് വിവരാവകാശം പ്രകാരം ലഭിച്ച മറുപടിയിലാണ് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വെളിപ്പെടുത്തൽ.
2016-–-2017ൽ നാസിക് പ്രസിൽ 166 കോടി നോട്ടും ബംഗളൂരുവിൽ 519 കോടി നോട്ടും ദേവാസിൽ 195 കോടിയുമാണ് 500ന്റെ നോട്ട് അച്ചടിച്ചത്.
2015 ഏപ്രിലിനും -2016 ഡിസംബറിനുമിടയിൽ നാസിക്കിൽ 37 കോടി 500 രൂപ നോട്ട് അച്ചടിച്ചു. ഇതിൽ 34 കോടി നോട്ടുകൾ മാത്രമാണ് റിസർവ് ബാങ്കിലെത്തിയതെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ മനോരഞ്ജൻ റോയ് കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്കും (സിഇഐബി) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകി. 500, 1000 നോട്ടുകൾ നിരോധിച്ച ഘട്ടത്തിൽ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ അഞ്ചു ദിവസത്തിൽ 750 കോടി രൂപ നിക്ഷേപിക്കപ്പെട്ടെന്ന വിവരം പുറത്തുവിട്ടത് റോയി ആയിരുന്നു. നിവിലെ ആഭ്യന്തരമന്ത്രിയായ അമിത് ഷാ അന്ന് ബാങ്ക് ഡയറക്ടർമാരിൽ ഒരാളായിരുന്നു.