ശ്രീശങ്കർ എന്ന ശങ്കു ഒരുക്കത്തിലാണ്. ഒപ്പം അച്ഛനുണ്ട്, കൂട്ടുകാരനും പരിശീലകനുമായി. അടുത്തവർഷമാണ് പാരിസ് ഒളിമ്പിക്സ്. ടോക്യോ ഒളിമ്പിക്സ് നൽകിയത് നല്ല ഓർമകളല്ല. അതെല്ലാം മറന്ന് പുതിയൊരു കുതിപ്പാണ് മനസ്സിൽ. അതിനായി ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പിലാണ്. പാരിസ് ഡയമണ്ട് ലീഗിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയശേഷം പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയ ലോങ്ജമ്പ് താരം എം ശ്രീശങ്കർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. മുൻ ട്രിപ്പിൾജമ്പ് താരമായ അച്ഛൻ എസ് മുരളിയും കൂട്ടിനുണ്ട്.
പാരിസ് ഒരു
സ്വപ്നയാത്രയല്ലേ ?
അതേ..അതൊരു മോഹിപ്പിക്കുന്ന യാത്രയാണ്. ഒരുവർഷമുണ്ട് ഒരുങ്ങാൻ. ഒളിമ്പിക്സുവരെ വിവിധ രാജ്യങ്ങളിലെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ ശ്രമിക്കും. മത്സര പരിചയം നേടാനും കായികക്ഷമത നിലനിർത്താനും വിദേശത്തെ മത്സരങ്ങൾ സഹായകരമാകും. ഈ മാസം 30ന് സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലോസൻ ഡയമണ്ട് ലീഗോടെ വിദേശ പര്യടനം പുനരാരംഭിക്കും. ജൂലൈയിൽ ബാങ്കോങ്കിൽ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഹംഗറിയിൽ ലോക ചാമ്പ്യൻഷിപ്, ചൈനയിൽ ഏഷ്യൻ ഗെയിംസ് എന്നിവ മുന്നിലുണ്ട്.
നാട്ടിലെ ഒരുക്കം
എങ്ങനെയാണ് ?
വീടിനുസമീപത്ത് സ്വന്തമായി ജിം സജ്ജമാക്കിയിട്ടുണ്ട്. അതിലേക്ക് ആവശ്യമായ രണ്ടു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മന്ത്രി എം ബി രാജേഷ് നൽകി. അദ്ദേഹം സ്പീക്കറായിരിക്കെയായിരുന്നു സഹായം. രാവിലെയും വൈകിട്ടും ആറ് സെന്റിൽ ഒരുക്കിയ ജിമ്മിൽ പരിശീലനം നടത്തും. പാലക്കാട് മെഡിക്കൽ കോളേജിനുസമീപത്തെ സിന്തറ്റിക് ട്രാക്കിലും പരിശീലനമുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും പരിശീലനം മുടക്കാറില്ല. അത് അച്ഛനും അമ്മ കെ എസ് ബിജിമോൾക്കും നിർബന്ധമാണ്.
വിദേശത്തുള്ള
പരിശീലനം ?
ഒരുപിടി ലോക ചാമ്പ്യൻഷിപ്പുകൾ വരാനിരിക്കെ വിദേശ പരിശീലനം നിർണായകമാണ്. എവിടെ മത്സരം നടന്നാലും പരിശീലകൻ അച്ഛൻതന്നെ. അച്ഛനെ ഔദ്യോഗിക പരിശീലകനായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്. എങ്കിലും വിദേശത്ത് എത്തുമ്പോൾ വിദേശ പരിശീലകരുടെ സഹായം തേടാറുണ്ട്. പല രാജ്യങ്ങളിലും സ്റ്റേഡിയങ്ങളിൽ പരിശീലനത്തിന് അനുമതി ലഭിക്കണമെങ്കിൽ അവിടെയുള്ള പരിശീലകർക്കുകീഴിൽ പരിശീലനം നടത്തണം. പാരിസിൽ ടെക്സാസ് ടെക്യു യൂണിവേഴ്സിറ്റിയിലെ പരിശീലകൻ കീത്ത് ഹെസ്റ്റണിനുകീഴിൽ പരിശീലനം നേടി. രണ്ടു മാസത്തോളം ഗ്രീസ്, കലിഫോർണിയ, പാരിസ് എന്നിവിടങ്ങളിലെ പരിശീലനവും മത്സരപരിചയവും മുതൽക്കൂട്ടാണ്. സ്പോർട് സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് യാത്ര, താമസം, ഭക്ഷണം എന്നിവയൊരുക്കിയത്. ഒളിമ്പിക്സുവരെ വിദേശ പരിശീലനം തുടരാനാണ് ആഗ്രഹം.
അടുത്ത മത്സരം
ഏതാണ് ?
പാരിസ് ഡയമണ്ട് ലീഗിനുശേഷം നോർവേയിലേക്ക് പോകാനായിരുന്നു പദ്ധതി. അവിടെ ഓസ്ലോ മീറ്റിൽ പങ്കെടുക്കണമെന്നാഗ്രഹിച്ചു. എന്നാൽ, 15 മുതൽ 19 വരെ ഭുവനേശ്വറിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വരേണ്ടിവന്നു. 18ന് യോഗ്യതാ റൗണ്ടും 19ന് ഫൈനലുമാണ്. മീറ്റ് കഴിഞ്ഞയുടൻ സ്വിറ്റ്സർലൻഡിലേക്ക് പോകും.
ഈ സീസണിലെ പ്രകടനങ്ങൾ
പാരിസ് ഡയമണ്ട് ലീഗ്
ജൂൺ (8.09 മീറ്റർ, വെങ്കലം)
ഗ്രീസിലെ കല്ലിതിയ മീറ്റ്
മെയ് (8.18 മീറ്റർ സ്വർണം)
അമേരിക്കയിലെ ചുലാവിസ്ത മീറ്റ് മെയ് (8.29 മീറ്റർ സ്വർണം)
ഇന്ത്യൻ ഗ്രാൻ പ്രി മീറ്റ് ബംഗളൂരു ഏപ്രിൽ (7.94 മീറ്റർ സ്വർണം)
മികച്ച ദൂരം
8.36 മീറ്റർ (ഫെഡറേഷൻ കപ്പ് അത്–ലറ്റിക്സ് തേഞ്ഞിപ്പലം 2022)
കോമൺവെൽത്ത്
ഗെയിംസ് വെള്ളി
(8.08 മീറ്റർ, 2022)
ലോക അത്ലറ്റിക്
ചാമ്പ്യൻഷിപ് (7.96 മീറ്റർ, 2022)
ടോക്യോ ഒളിമ്പിക്സ്
(7.69 മീറ്റർ, 2021)
ലോകറാങ്ക് 8
ലോങ്ജമ്പ് ദേശീയ റെക്കോഡ് 8.42 മീറ്റർ തമിഴ്നാടിന്റെ
ജസ്വിൻ ആൽഡ്രിന്റെ പേരിൽ