ന്യൂഡൽഹി > രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ ഐക്യപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള വാക്ക്പോര് തുടരുന്നു. ഗെലോട്ടിന്റെ നേതാവ് സോണിയാ ഗാന്ധിയല്ലെന്നും ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയാണെന്നുമുള്ള പൈലറ്റിന്റെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തുവന്നു. വസുന്ധരരാജെ സർക്കാരിന്റെ അഴിമതികൾ ഗെലോട്ട് മൂടിവെയ്ക്കുന്നുവെന്ന ആക്ഷേപമാണ് സച്ചിൻ പൈലറ്റ് ഉയർത്തുന്നത്.
തന്റെ രാഷ്ട്രീയജീവിതത്തിൽ സോണിയാ കുടുംബത്തിന് നിർണായക പങ്കാണുള്ളതെന്ന് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എംഎൽഎ ആക്കിയതും പിസിസി പ്രസിഡന്റാക്കിയതും മൂന്നുവട്ടം മുഖ്യമന്ത്രിയാക്കിയതുമെല്ലാം സോണിയാ കുടുംബമാണ്. തന്റെ നേതാവ് ആരാണെന്ന് മറ്റാരും നിശ്ചയിക്കേണ്ട കാര്യമില്ല. വസുന്ധരരാജെയ്ക്കെതിരായ നാല് കേസുകളിൽ നടപടിയായി കഴിഞ്ഞു. ചില കേസുകളിൽ കോടതിവിധിയായി കഴിഞ്ഞു. ഒരു കേസ് ഇഡിയുടെ അന്വേഷണപരിധിയിലാണ്. മറ്റേതെങ്കിലും കേസ് തനിക്കറിയില്ല.
ഹൈക്കമാന്റുമായുള്ള ചർച്ചയിൽ തെരഞ്ഞെടുപ്പിൽ യോജിച്ചുപോകാൻ ധാരണയായതാണ്. രാജ്യത്തിന് കോൺഗ്രസിനെ ആവശ്യമാണ്. അതുകൊണ്ട് എല്ലാവരും യോജിച്ചുപ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജസ്ഥാനിൽ ബിജെപിയെയും അവരുടെ നേതാക്കളെയും കാണാനേയില്ല. അവർ ആക്രോശ് റാലി സംഘടിപ്പിച്ചു. എന്നാൽ ജനങ്ങൾ അതിനെ തള്ളി. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 ൽ കൂടുതൽ സീറ്റ് നേടും- ഗെലോട്ട് പറഞ്ഞു.
2020 ൽ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് നടത്തിയ നീക്കത്ത കുറിച്ച് തിങ്കളാഴ്ച ബൻസ്വാരയിലെ പൊതുയോഗത്തിൽ ഗെലോട്ട് പരാമർശിച്ചു. ബൻസ്വാരയിലെ കുശൽഗഢിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ രമീല ഖഡിയയെ പോലുള്ളവരാണ് സർക്കാരിനെ താങ്ങിനിർത്തിയത്. അതുകൊണ്ട് അവരുടെ ഒരാവശ്യവും തനിക്ക് നിരാകരിക്കാനാവില്ല. കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കോടിക്കണക്കിന് രൂപയുമായി ആളുകൾ അവരെ സമീപിച്ചു. പക്ഷെ അവർ വിസമ്മതിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർണാടകയിലുമെല്ലാം സർക്കാരുകളെ വീഴ്ത്താൻ ബിജെപിയ്ക്കായി. എന്നാൽ ഖഡിയയെ പോലുള്ള നേതാക്കൾ ഉള്ളതിനാൽ രാജസ്ഥാനിൽ അവർക്ക് വിജയിക്കാനായില്ല- ഗെലോട്ട് പറഞ്ഞു.