അബുദാബി > മുസഫ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പ്രയുക്തി രാമസംയതി അരങ്ങിലെത്തിക്കുന്നു. ജൂൺ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതൽ 9:30 വരെ മുസഫ ഭവൻസ് സ്കൂളിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 10 വരെ ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലും വൈവിധ്യമാർന്ന നൃത്തരൂപങ്ങളോടുകൂടിയായിരിക്കും ആഘോഷ പരിപാടികൾ അരങ്ങേറുക.
പ്രമുഖ നൃത്ത അധ്യാപിക പ്രിയ മനോജിൻറെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാർത്ഥികൾ രണ്ടു വേദികളിലായി അവതരിപ്പിക്കുന്ന പ്രയുക്തിയിലും രാമസംയതിയിലും ഭാഗമാകും. ഇതിഹാസ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രാമായണത്തിലൂടെയുള്ള ഒരു യാത്രയായ രാമസംയതി എല്ലാ വിഭാഗം പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ കഴിയും വിധമായിരിക്കും അവതരിപ്പിക്കുക എന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ് അറിയിച്ചു.
ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്റെ ഭാഗമായിട്ടാണ് പ്രയുക്തി – രാമസംയതി എന്നീ വേദികൾ ഒരുക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് വേദികൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളെ പൊതുവേദിയിലേക്ക് തിരിച്ചുകൊണ്ടുവരികയും കേരളത്തിന്റെ തനത് കലകളെയും സംസ്കാരത്തെയും പൊതു സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതും ഈ കലാവിരുന്നിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ശാസ്ത്രീയ നൃത്തരംഗത്തുള്ള പ്രിയ മനോജ് 2006 മുതൽ അബുദാബി കേരള സോഷ്യൽ സെന്ററിലും തുടർന്ന് മുസഫ കേന്ദ്രീകരിച്ച് ആരംഭിച്ച ഭരതാഞ്ജലിയിലും ക്ലാസ് നടത്തിവരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ ഇതിനകം പ്രിയയുടെ ശിക്ഷണത്തിൽ നൃത്തപരിശീലനം നേടിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ്, കലാക്ഷേത്ര ആര്യ സുനിൽ, കലാക്ഷേത്ര ശാശ്വതി ശ്രീധർ, കലാക്ഷേത്ര കാർത്തിക നാരായണൻ എന്നിവർ പങ്കെടുത്തു.