കൊല്ലം> കേരള സ്റ്റേറ്റ് ഓട്ടോ, ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) -നാലാം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ (കോട്ടയ്ക്കകം ശിവൻനഗർ) പ്രൗഢഗംഭീര തുടക്കം. ഫെഡറേഷൻ സംസ്ഥാനപ്രസിഡന്റ് എൻ ഉണ്ണിക്കൃഷ്ണൻ സമ്മേളന നഗറിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. നരേന്ദ്രമോദി സർക്കാരിന്റെ അജൻഡയിൽ തൊഴിലാളി എന്ന പദമില്ലെന്ന് എളമരം പറഞ്ഞു. ഒമ്പതു വർഷത്തെ ഭരണത്തിൽ കോർപറേറ്റു താൽപ്പര്യങ്ങളും അവർക്കായുള്ള നയരൂപീകരണവുമാണ് അജൻഡ. അദാനിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാണെന്ന് പറയുന്ന പ്രധാനമന്ത്രിയാണ് ഭരിക്കുന്നതെന്നും എളമരം പറഞ്ഞു.
കെ വി ഹരിദാസൻ അനുശോചനപ്രമേയവും ടി പി ശ്രീധരൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. എൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സ്യമന്ദഭദ്രൻ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എസ് ജയമോഹൻ സ്വാഗതം പറഞ്ഞു. എസ് സുദേവൻ, നെടുവത്തൂർ സുന്ദരേശൻ, ബി തുളസീധരക്കുറുപ്പ്, ഹരികൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പി രാജേന്ദ്രകുമാർ , എക്സ് ഏണസ്റ്റ്, കെ സേതുമാധവൻ, എ എം ഇക്ബാൽ എന്നിവർ പങ്കെടുത്തു. കെ സേതുമാധവൻ (രജിസ്ട്രേഷൻ), രാജുഎബ്രഹാം (പ്രമേയം), കെ സുഗതൻ (മിനിട്സ്), എച്ച് സലാം (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 353 പ്രതിനിധികളും 28 സംസ്ഥാന ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഞായർ വൈകിട്ട് നാലിന് ജില്ലയിലെ പതിനായിരത്തോളം ഓട്ടോ, ടാക്സി, ചെറുകിട വാഹന തൊഴിലാളികളുടെ പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ലിങ്ക് റോഡിൽനിന്ന് തുടങ്ങി ചിന്നക്കടയിൽ സമാപിക്കും. ഇ കാസിം നഗറിൽ പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.