ന്യൂഡൽഹി> കർണാടകയ്ക്കൊപ്പം വോട്ടണ്ണൽ നടന്ന പഞ്ചാബിലെ ജലന്ധർ ലോക്സഭ സീറ്റിൽ വൻ തിരിച്ചടിയേറ്റ് കോൺഗ്രസ്. പതിറ്റാണ്ടുകൾ കോൺഗ്രസ് കോട്ടയായിരുന്ന ജലന്ധർ, എഎപി സ്ഥാനാർഥി സുശീൽ റിങ്കു 58,691 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണുമരിച്ച കോൺഗ്രസ് എംപി സന്ദോഖ് സിംഗ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെ രംഗത്തിറക്കിയെങ്കിലും കോൺഗ്രസിന് തകർന്നടിഞ്ഞു. ലോക്സഭയിലെ ഏക എഎപി പ്രതിനിധിയായും സുശീൽ റിങ്കു മാറി. ചതുഷ്കോണ മത്സരം നടന്ന ഇവിടെ മൂന്നാം സ്ഥാനത്ത് അകാലിദൾ എത്തിയപ്പോൾ ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു.
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലെ ജാർസുഗുഡ മണ്ഡലം ബിജെപിയെ നിലംപരിശാക്കി ബിജു ജനതദൾ നിലനിർത്തി. പൊലീസുകാരന്റെ വെടിയേറ്റുമരിച്ച ആരോഗ്യമന്ത്രി നബ ദാസിന്റെ മകൾ കീർത്തി ദാസ് 48,619 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി തങ്കധർ ത്രിപാഠിയെ തോൽപ്പിച്ചത്.കോൺഗ്രസ് സ്ഥാനാർഥി നേടിയത് കേവലം 4,133വോട്ടാണ്. മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും ബിജെപി ചിത്രത്തിൽ നിന്ന് അപ്രത്യക്ഷമായി.
അതേസമയം യുപിയിലെ സുവാർ സീറ്റ് എസ്പിയിൽ നിന്ന് പിടിച്ചെടുത്ത അപ്ന ദൾ ചാൻബെ സീറ്റ് നിലനിർത്തി. എസ്പി കോട്ടയായ റാംപൂർ ജില്ലയിലെ സുവാറിൽ ബിജെപി സഖ്യകക്ഷിയായ അപ്നാദൾ സ്ഥാനാർഥി ഷഫീഖ് അഹമ്മദ് അൻസാരി, 8,724 വോട്ടിനാണ് എസ്പി സ്ഥാനാർഥിയെ തോൽപ്പിച്ചത്. എസ്പി നേതാവ് അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാനെ രണ്ട് വർഷം തടവിന് വിധിച്ചതാണ് ഉപതെരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചത്. ചാൻബെയിൽ അപ്ന ദളിന്റെ റിങ്കി കോൾ ഒമ്പതിനായിരത്തിൽപ്പരം വോട്ടിനാണ് ജയിച്ചത്. രണ്ടിടത്തും ബിഎസ്പി മത്സരിച്ചിരുന്നില്ല.
അതിനിടെ മേഘാലയയിലെ സോഹിയോങ് സീറ്റിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുടെ സിൻഷാർ കുപാർ റോയ് താബ 3,400 വോട്ടിന് ഭരണകക്ഷിയായ എൻപിപിയെ പരാജയപ്പെടുത്തി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനിടെ യുഡിപി സ്ഥാനാർഥി മരിച്ചതോടെ ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.















