ന്യൂഡൽഹി
വിദ്വേഷപ്രസംഗങ്ങൾക്ക് എതിരെ ഉടൻ കേസെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിലേക്ക് നയിച്ചതിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നൽകിയ ഹർജിയും. തീവ്ര വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബൃന്ദ കാരാട്ട് കോടതിയെ സമീപിച്ചത്. ബന്ധപ്പെട്ട അധികൃതരിൽനിന്ന് മുൻകൂർ അനുവാദം വാങ്ങിയശേഷമേ കേസെടുക്കേണ്ടതുള്ളൂവെന്ന് ചൂണ്ടിക്കാണിച്ച് മജിസ്ട്രേട്ട് ഹർജി തള്ളി. മജിസ്ട്രേട്ടിന്റെ നിലപാട് ഡൽഹി ഹൈക്കോടതിയും ശരിവച്ചു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ബൃന്ദയുടെ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച്, മജിസ്ട്രേട്ടിന്റെ നിലപാട് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് നിരീക്ഷിച്ചു. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസും അയച്ചു. ഇതേ ബെഞ്ച് തന്നെയാണ് ഇപ്പോൾ വിദ്വേഷപ്രസംഗങ്ങൾക്ക് എതിരെ ഔദ്യോഗിക പരാതി ഇല്ലെങ്കിലും ഉടൻ കേസെടുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. വിദ്വേഷപ്രസംഗങ്ങൾ നടത്തിയവർ ഔദ്യോഗിക നടപടിക്രമങ്ങളുടെ പഴുതുകളിലൂടെ രക്ഷപ്പെടുന്നത് തടയുന്നതിന് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് സഹായകമാകും. അനുരാഗ് താക്കൂർ, പർവേഷ്വർമ എംപി എന്നിവർക്ക് എതിരായ കേസിലും സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് നിർണായകമാകും.