തിരുവനന്തപുരം
പുതിയ സാമ്പത്തിക (2023–-24) വർഷത്തേക്കുള്ള പദ്ധതി സമർപ്പണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് റെക്കോഡ് നോട്ടം. ഒമ്പത് ജില്ലയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും മറ്റിടങ്ങളിൽ 90 ശതമാനവും മാർച്ച് 31നകം പദ്ധതികൾ സമർപ്പിച്ചു. ഇതോടെ പദ്ധതികൾ നടപ്പാക്കാൻ 12 മാസം ലഭിക്കും. ലക്ഷ്യമിട്ട പദ്ധതികൾ പരമാവധി പൂർത്തീകരിക്കാനാകും. 2018–-19ൽ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യമെടുത്ത് നടപ്പാക്കിയ പരിപാടിയുടെ വിജയം കൂടിയാണിത്.
ഒക്ടോബർ–- നവംബർ മാസങ്ങളിലാണ് സാധാരണ പദ്ധതി സമർപ്പിക്കുക. ഇവ നടപ്പാക്കാൻ ആറുമാസമേ ലഭിക്കൂ. പലതും പൂർത്തിയാക്കാറില്ല. ചിലത് തുടങ്ങില്ല, ചിലത് നീളും. ഇത് വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. തുടർന്നാണ് മാർച്ചിനുള്ളിൽത്തന്നെ പദ്ധതികൾ നൽകി വികസനകാര്യങ്ങളിൽ ശ്രദ്ധചെലുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്. മുന്നൊരുക്കത്തിനായി തൃശൂരിൽ സെമിനാറും സംഘടിപ്പിച്ചു. എന്നാൽ, കോവിഡ് വ്യാപിച്ചതോടെ ശ്രദ്ധ അതിലേക്കായി.
പദ്ധതി സമർപ്പണത്തിൽ 100 ശതമാനം നേടിയവരിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളുള്ള മലപ്പുറവും കുറവുള്ള വയനാടുമുണ്ട്. പത്തനംതിട്ട ഒഴികെയുള്ള ജില്ലാ പഞ്ചായത്തുകളും പദ്ധതി സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളൊഴികെ 100 ശതമാനമാണ്. അതിദരിദ്രരെ ദത്തെടുക്കൽ, അങ്കണവാടികൾക്ക് സഹായം, ലൈഫ് പദ്ധതി, ട്രാൻസ്ജെൻഡർ പിന്തുണ തുടങ്ങി പൊതുപദ്ധതികൾ ഉറപ്പുവരുത്തിയിട്ടുണ്ട്.