തിരുവനന്തപുരം
മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനും ഇരകൾക്കൊപ്പമെന്ന മാറാത്ത നിലപാടിനുമുള്ള അംഗീകാരം. ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുക, നരഹത്യാ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണയ്ക്ക് ഉത്തരവിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
മാധ്യമപ്രവർത്തകന്റെ മരണത്തിന് കാരണക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയുമാണ് ഉത്തരവ്. സർക്കാർ സർവീസിന്റെ ഭാഗമായുള്ള ചുമതലകൾ നൽകിയപ്പോൾ കുറ്റാരോപിതനൊപ്പമാണ് സർക്കാരെന്ന് വരുത്തിത്തീർക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും ശ്രമം. ഇതിനെയെല്ലാം അവഗണിച്ചാണ് കെ എം ബഷീറിന്റെ കുടുംബത്തിനൊപ്പം സർക്കാർ നിലകൊണ്ടത്.
അപകടമുണ്ടായ 2019 ആഗസ്ത് മൂന്നുമുതൽ ബഷീറിന് നീതിയുറപ്പാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ ഒപ്പമുണ്ടായിരുന്നു. ശ്രീറാമിനെതിരായ കേസിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറഞ്ഞു. സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ യഥാസമയം ഹൈക്കോടതിയെ സമീപിച്ചു. മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചതാണ് മരണത്തിന് കാരണമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിനായി. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളും കോടതിയിൽ വാദിച്ചു.