തിരുവനന്തപുരം> സ്വർണക്കടത്ത് കേസ് എൽഡിഎഫിനും മുഖ്യമന്ത്രിക്കും എതിരെ തിരിക്കാൻ മൂന്നുവർഷത്തിനിടെ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടവർക്ക് തുടർച്ചയായി കോടതിയിൽനിന്ന് തിരിച്ചടി. എയ്ത അസ്ത്രങ്ങൾ ഒന്നൊന്നായി സ്വന്തം പാളയത്തിലേക്കുതന്നെ തിരിഞ്ഞു കുത്തുന്നു.
ആർഎസ്എസ്– -ബിജെപി ഗൂഢാലോചനക്കാരും കേന്ദ്ര ഏജൻസികളും യുഡിഎഫും ഇടതുവിരുദ്ധ മാധ്യമങ്ങളും കൊണ്ടുപിടിച്ച് നടത്തിയ നീക്കങ്ങളാണ് പാളിയത്. കോടതി വ്യവഹാരക്കാരുടെയും അതിലോരോന്നും എടുത്ത് നിരന്തരം വാർത്തയാക്കുന്നവരുടെയും സർക്കാരിനെതിരായ ഗൂഢലക്ഷ്യം വ്യക്തമാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയ ഹർജിയിലടക്കം ഇത് തെളിഞ്ഞു.
രാജ്യാന്തരബന്ധമുള്ള സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആർഎസ്എസുകാരനും സ്വപ്ന സുരേഷിന് സംരക്ഷണം നൽകിയ എച്ച്ആർഡിയുടെ ഭാരവാഹിയാണെന്നുമുള്ള സത്യം മറച്ചാണ് അജികൃഷ്ണൻ ‘കോട്ടയം സ്വദേശി’ എന്ന പേരിൽ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെയും മറ്റും പങ്ക് അന്വേഷിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
‘ഇത്രകാലത്തെ അന്വേഷണത്തിൽ, ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ള ഏതെങ്കിലും കക്ഷിക്ക് കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ എന്തെങ്കിലും തടസ്സമുണ്ടോ ? ’ കോടതിയുടെ ചോദ്യത്തിനുമുന്നിൽ ഹർജിക്കാരനും അന്വേഷണ ഏജൻസികൾക്കും ഉത്തരമുണ്ടായില്ല.
സ്വർണം ആര് കൊടുത്തുവിട്ടു, ആർക്കുവേണ്ടി കൊടുത്തുവിട്ടു, എത്ര കമീഷൻ പറ്റി, അത് ആരൊക്കെ തുടങ്ങി കേസുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പലതും പുറത്തുവന്നിട്ടില്ല. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്ന പച്ചക്കള്ളങ്ങൾ നിരത്തിവച്ച് ‘ലൈവ് ഷോ’ യും വാർത്തകളും സൃഷ്ടിക്കാനാകുമെങ്കിലും അവയൊന്നും കോടതികളിൽ തെളിയിക്കാനാകില്ലെന്നാണ് ദിനംപ്രതിയെന്നോണം തെളിയുന്നത്.