കൊച്ചി/ തിരുവനന്തപുരം
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ സർവീസ് ആരംഭിച്ചാലും അതിന്റെ നിശ്ചിത വേഗത്തിൽ ഓടാനാകില്ല. കേരളത്തിലെ പാളങ്ങളിലെ വളവുകളും നിലവിലുള്ള വേഗനിയന്ത്രണവുമാണ് കാരണം. 75 കിലോമീറ്ററായിരിക്കും ശരാശരി വേഗമെന്ന് റെയിൽവേ അധികൃതർ പറയുന്നു. 110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കിൽ സെമി ഹൈസ്പീഡ് ട്രാക്ക് നിർമിക്കണം. അത് ഉടൻ സാധിക്കില്ല. ട്രെയിൻ വന്നാൽ അന്താരാഷ്ട്രനിലവാരത്തിലുള്ള കോച്ചുകളിൽ യാത്ര ചെയ്യാമെന്നതുമാത്രമാണ് മെച്ചം. ഫലത്തിൽ കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്ചാർജ് നൽകേണ്ടി വരും.
വന്ദേഭാരത് എക്സ്പ്രസിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തിവരികയാണ്. ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ട്രെയിൻ അനുവദിക്കാത്ത ഏകസംസ്ഥാനം കേരളമാണ്.
180 കിലോമീറ്ററാണ് വന്ദേഭാരതിന് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാൽ, ഇന്ത്യയിൽ ഒരിടത്തും ഈ വേഗത്തിൽ ഓടുന്നില്ല. 110 മുതൽ 130 കിലോമീറ്ററാണ് വേഗം. കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് യാർഡുകളിൽ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. തിരുവനന്തപുരം–-കായംകുളം പാതയിൽ 90, കായംകുളം–-കോട്ടയം–-എറണാകുളം 90, കായംകുളം–-അമ്പലപ്പുഴ 100, അമ്പലപ്പുഴ–-തുറവൂർ 90, തുറവൂർ–-എറണാകുളം 80, അരൂർ റെയിൽവേ പാലം 60, എറണാകുളം–-ഷൊർണൂർ 90 (ആലുവ ഭാഗത്ത് 30) കിലോമീറ്റർവീതമാണ് റെയിൽവേയുടെ സ്ഥിരം വേഗനിയന്ത്രണമുള്ളത്. ട്രാക്കുകളുടെ ഉപയോഗം അടക്കം ഒട്ടേറെ സാങ്കേതികവസ്തുതകൾ പരിഗണിച്ചാണ് വേഗം നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ പാതയിൽ 36 ശതമാനത്തിലേറെ വളവുകളുമുണ്ട്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ വന്ദേഭാരതിന് കേരളത്തിൽ ഒരിക്കലും 75 കിലോമീറ്ററിൽ കൂടുതൽ ശരാശരി വേഗം കൈവരിക്കാനാകില്ല.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാകും സർവീസ് ആരംഭിക്കുക. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട് കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം കണ്ണൂർ റൂട്ടിലും വേഗത പരിശോധിക്കാൻ എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തി. കൊച്ചുവേളിയിലായിരിക്കും വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ നടത്തുക.