തിരുവനന്തപുരം> ദുരിതാശ്വാസനിധിയിൽനിന്ന് സഹായം അനുവദിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിധിപറയാത്ത ലോകായുക്ത ‘മഹാമോശ’മെന്ന് മാധ്യമങ്ങൾ. വെള്ളിയാഴ്ച വിധി വരുംമുമ്പേ, പിണറായി വിജയൻ രാജിവയ്ക്കേണ്ടിവരുമെന്നായിരുന്നു മിക്ക മാധ്യമങ്ങളുടേയും പ്രചാരണം. ഇത് തകർന്നതിന്റെ നിരാശയിലാണ് ലോകായുക്തയ്ക്കെതിരെ തിരിഞ്ഞത്. കെ ടി ജലീലിനെതിരായ കേസിലും പാറ്റൂർ കേസിലുമടക്കം ലോകായുക്തയെ വാനോളം വാഴ്ത്തിയവരാണ് കരണംമറിഞ്ഞ് നീതിന്യായ സംവിധാനത്തെ തള്ളിപ്പറഞ്ഞത്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും തീരുമാനമെടുപ്പിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കാനുള്ള വൃഥാശ്രമമാണ് ചിലർ നടത്തിയത്. ഇങ്ങനെ വഴങ്ങുന്ന ജഡ്ജിമാരാണെങ്കിൽ കെ ടി ജലീലിന് രാജിവയ്ക്കേണ്ടി വരുമായിരുന്നില്ലല്ലോയെന്ന സാമാന്യയുക്തിപോലും ഇവർ മറന്നു.
ഇടതുപക്ഷത്തിനെതിരെ കോടതികളിലും രാജ്ഭവനിലും കയറിയിറങ്ങുന്ന കോൺഗ്രസുകാരനാണ് ഹർജിക്കാരൻ. ദുരിതാശ്വാസ നിധിയിൽനിന്ന് യുഡിഎഫ് സർക്കാരുകൾ ആരെയൊക്കെ സഹായിച്ചിട്ടുണ്ടെന്നതും മറച്ചുവയ്ക്കുന്നു. നേതാക്കന്മാരുടെ കുടുംബത്തെ സഹായിക്കാനും നേതാവിന്റെ മകന് മെഡിക്കൽ പഠനം പൂർത്തിയാക്കാനും കൊലക്കേസ് പ്രതിയാണെങ്കിലും ഘടകകക്ഷിക്ക് വേണ്ടപ്പെട്ടയാളായതിനാൽ സഹായം അനുവദിച്ചതും ചരിത്രത്തിലുള്ളതാണ്.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാപരമായ അധികാരമുള്ള ക്യാബിനറ്റ് എടുക്കുന്ന തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായം. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുമടങ്ങുന്ന ക്യാബിനറ്റ് എടുക്കുന്ന തീരുമാനം വ്യക്തിയുടെ പക്ഷപാതത്തിന്റെ നിർവചനത്തിൽ വരുമോ? ക്യാബിനറ്റ് ആകെ അഴിമതി നടത്താൻ എടുത്ത തീരുമാനമായി വ്യാഖ്യാനിക്കാമോ? തുടങ്ങി നിയമത്തിന്റെയും നീതിയുടെയും യുക്തിയുടെയും പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് വലിയ പാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങൾപോലും ലോകായുക്തയെ കുറ്റപ്പെടുത്തുന്നത്.